തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ള്യുജെ).
തുടര്‍ച്ചയായി കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും സ്വതന്ത്രമാധ്യമപ്രവര്‍ത്തനം നടത്താന്‍ അവസരം ഒരുക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി റഹിം സെക്രട്ടറി ബി എസ് പ്രസന്നന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ വിലക്കേണ്ടന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജില്ലാ കോടതിയില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയും തടഞ്ഞുവയ്ക്കുകയും ചെയ്തത് നിര്‍ഭാഗ്യകരമാണ്. വിജിലന്‍സ് കോടതി മുറിയില്‍ ജഡ്ജിയുടെ സന്നിധ്യത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലാണിതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
പ്രഭാത് നായര്‍(ഇഡ്യന്‍ എക്‌സ്പ്രസ്) ജെ രാമകൃഷ്ണന്‍ (പിടിഐ) സി പി അജിത (എഷ്യാനെറ്റ് ന്യൂസ്) ജസ്റ്റിന തോമസ് (മനോരമ ന്യൂസ്) വിനോദ് (ന്യൂസ് 18 കേരള) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ പ്രഭാത് നായരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കയാണ്.