തിരുവനന്തപുരം: നിയമസഭാമണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് സാന്ത്വനം പദ്ധതിയിലൂടെ അര്‍ഹരായവര്ക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണിവരെ, ഗവ. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ സൈഡ് വീല്‍ സ്‌കൂട്ടര്‍, മുച്ചക്ര സൈക്കിളുകള്‍, വീല്‍ച്ചെയറുകള്‍, വാക്കര്‍, ആക്‌സിലറി ക്രച്ചസ്, എല്‍ബോ ക്രച്ചസ്, വിവിധതരം വാക്കിംഗ് സ്റ്റിക്കുകള്‍, കൃത്രിമ കൈകാലുകള്‍, കാലിപ്പറുകള്‍, പ്രത്യേക പാദരക്ഷകള്‍, ശ്രവണോപകരണങ്ങള്‍ മുതലായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
വികലാംഗക്ഷേമ കോര്‍പ്പറേഷനിൽ മുന്‍കൂട്ടി അപേക്ഷ നല്‍കിയവരില്‍ അര്‍ഹരായവര്‍ക്കാണ് ക്യാമ്പില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സോഷ്യല്‍ സെക്യൂരിറ്റിമിഷന്റെ ആശ്വാസകിരണം, സമാശ്വാസം എന്നീ പദ്ധതികളിലൂടെയുള്ള ധനസഹായവും ക്യാമ്പില്‍ വിതരണം ചെയ്തു.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ, ഭിന്നശേഷിയുള്ളവരില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർക്ക് ക്യാമ്പില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റും ,തിരിച്ചറിയല്‍ കാര്‍ഡും നല്കി. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോഗ്യം-ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഹായ ഉപകരണ വിതരണം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറും നിര്‍വ്വഹിച്ചു.