കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക്. നീണ്ട പത്തുമണിക്കൂറിനുശേഷം കരിപ്പൂർ വിമാനത്താവളം തുറന്നു. രണ്ടു വിമാനങ്ങൾ ഇറങ്ങി.
ദുബായ്, ദമാം വിമാനങ്ങളാണ് ഇറങ്ങിയത്. സിഐഎസ്എഫും എയർപോർട്ട് അതോറിറ്റിയും പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടർന്നാണ് വിമാനത്താവളത്തിന്റ പ്രവർത്തനം സാധാരണ നിലയിലേക്കെത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ കേരള പൊലീസ് സുരക്ഷയൊരുക്കും. ഈ ഉറപ്പിന്മേലാണ് എയർപോർട്ട് ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ സമ്മതിച്ചത്. എഡിജിപി: ശങ്കർ റെഡ്ഡിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇന്നലെ രാത്രിയാണ് സിഐഎസ്എഫും വിമാനത്താവള അഗ്നിശമന സേനാ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ചത്. ഇതിനെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനങ്ങൾ നെടുംമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.