തിരുവനന്തപുരം: കോടതി വിധി പാലിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദൂരപരിധി സംബന്ധിച്ച വിധിയോടെ അതനുസരിച്ചുള്ള മദ്യഷാപ്പുകള്‍ പൂട്ടേണ്ടി വന്നപ്പോള്‍ മാനദണ്ഡപ്രകാരം മറ്റു സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളിലേക്ക് തൊഴിലാളികളെ പുനര്‍വിന്യസിച്ചാണ്് അവരുടെ തൊഴില്‍ സംരക്ഷിച്ചതെന്ന്
തൊഴിലും നൈപുണ്യവും, എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ . കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, ലേബലിംഗ് തൊഴിലാളികളുടെ അംഗത്വകാര്‍ഡ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ക്ഷേമനിധി ബോര്‍ഡുകളും വഴിയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അബ്കാരി ആക്ടില്‍ ഭേദഗതി വരുത്തി തൊഴിലാളി താത്പര്യം സംരക്ഷിക്കുന്ന മാറ്റങ്ങള്‍ വരുത്താനുള്ള നിലപാടുകളാണ് കൈക്കൊണ്ടുവരുന്നത്. ടോഡി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നിയമനിര്‍മാണത്തിന് കരട് തയാറായാല്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
ലേബലിംഗ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് ഓണക്കാലത്തും മെച്ചപ്പെട്ട ആനുകൂല്യം സ്ഥിര ജീവനക്കാരാണോ, താത്കാലികക്കാരാണോ എന്ന് നോക്കാതെയാണ് നല്‍കിയത്. അബ്കാരിമേഖലയില്‍ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിയും വര്‍ധിപ്പിക്കാനുള്ള ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ് എന്നിവയും ലേബലിംഗ് തൊഴിലാളികളുടെ അംഗത്വ വിതരണവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണനാണയവിതരണവും അദ്ദേഹം നിര്‍വഹിച്ചു.