തിരുവനന്തപുരം:യമനിലെ ഭീകരവാദികളുടെ പിടിയില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഈ കാര്യം ഒന്നിലേറെ തവണ മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ട്. തീവ്രവാദിഗ്രൂപ്പുമായി അനൗപചാരികമായി ബന്ധപ്പെടാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവനകള്‍ പ്രശ്‌നപരിഹാരത്തിന് ഗുണകരമല്ല. കേന്ദ്ര സര്‍ക്കാര്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ലിബിയയില്‍ മിസൈല്‍ പൊട്ടി മരണമടഞ്ഞ സുനു സത്യന്റെയും മകന്റെയും മൃതശരീരം നാട്ടിലെത്തിക്കാനും ലിബിയയിലും യമനിലും ശേഷിക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുള്ളതായും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.