തിരുവനന്തപുരം:നവംബറില്‍ നടക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറുമായി ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് നിന്നും ആവശ്യാനുസരണം പോലീസ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍
കര്‍ണ്ണാടക, തമിഴ്‌നാട് പോലീസ് സേനാംഗങ്ങളേയും ഡ്യൂട്ടിക്ക് നിയോഗിക്കാൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പിനാവശ്യമായ പോലീസ് സേനയുടെ എണ്ണം, ചെലവ്, സേനാ വിന്യാസം, പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളുടെ നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. എക്‌സൈസ്, വനം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുദ്യോഗസ്ഥരേയും ഡ്യൂട്ടിക്ക് നിയോഗിക്കും. ഹോം ഗാര്‍ഡ്‌സ്, 18 വയസ്സിനു മുകളിലുള്ള എന്‍.സി.സി കാഡറ്റുകള്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വിമുക്ത ഭടന്‍മാര്‍ എന്നിവരുടെ സേവനവും തിരഞ്ഞെടുപ്പിന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കോടതി വാറന്റ് നടപ്പാക്കല്‍, ഗുണ്ടകളുടെ കരുതല്‍ തടങ്കല്‍, തുടങ്ങിയ നടപടികള്‍ ത്വരിതപ്പെടുത്തും. പ്രശ്‌ന സാധ്യതയുള്ള മേഖലകളില്‍ പോലീസ് വീഡിയോ ചിത്രീകരണം ഉണ്ടാവും. അത്തരം ബൂത്തുകളും മേഖലകളും സംബന്ധിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികളോടും ആവശ്യപ്പെടും.
ഒരു ബൂത്തിന് ഒരു പോലീസിനേയും രണ്ട് ബൂത്തുകള്‍ക്ക് ഒരു പോലീസിനേയും ഒരു സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥനേയും ആകും നിയോഗിക്കുക. പ്രശ്‌ന സാധ്യതയുള്ളിടത്ത് നാല് പോലീസിനേയും ആനുപാതികമായ സ്‌പെഷ്യല്‍ പോലീസിനേയും വിന്യസിക്കും. തിരഞ്ഞെടുപ്പ് ദിവസത്തെ ക്രമസമാധാനത്തിനായി സമീപപ്രദേശങ്ങളിലെ ബൂത്തുകളെ സംയോജിപ്പിച്ചുകൊണ്ട് ഗ്രൂപ്പ് പട്രോളിംഗും അപായങ്ങളും അത്യാഹിതങ്ങളും കൈകാര്യം ചെയ്യുന്നതിന് സര്‍ക്കിള്‍ ഇന്‍െവസ്റ്റിഗേഷന്‍ സംഘവും ഉണ്ടാവും.
പോളിംഗ്, വോട്ടെണ്ണല്‍ ദിവസങ്ങളോടനുബന്ധിച്ച് മദ്യ നിരോധനം ഫലപ്രദമാക്കുന്നതിനായി അതിര്‍ത്തികളിലുള്ള പരിശോധന കര്‍ശനമാക്കും. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡി.ജി.പി ഹേമചന്ദ്രന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ ഡി.ജി.പി അരുണ്‍ കുമാര്‍ സിന്‍ഹ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ എ.ഐ.ജി. സോമശേഖരന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.