ന്യൂഡല്‍ഹി: യമുനാ നദിതീരം മലിനമാക്കിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ അടച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തിയതില്‍ ബാക്കി നല്‍കാനുണ്ടായിരുന്ന 4.75 കോടി രൂപയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ അടച്ചത്. നേരത്തെ 25 ലക്ഷം
രൂപ അടച്ചിരുന്നു.
ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 35–ാം വാര്‍ഷികത്തോടനുബന്ധിച്ച കഴിഞ്ഞ മാര്‍ച്ച് 11 മുതല്‍ 13 വരെ യമുനാ തീരത്ത് സംഘടിപ്പിച്ച ലോക
സാംസ്‌കാരിക ഉത്സവത്തിനാണ് പിഴ ചുമത്തിയത്. 35 ലക്ഷത്തോളം പേര്‍
പങ്കെടുത്ത പരിപാടിക്കായി യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്താണ് വേദി
നിര്‍മിച്ചത്. സാംസ്‌കാരിക സംഗമം നടത്താന്‍ യമുനാ തീരത്തു പരിസ്ഥിതിനാശം വരുത്തിയെന്നു
ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച അന്വേഷണസഘത്തിന്റെ റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മനോജ് മിശ്ര നല്‍കിയ
പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണസംഘത്തെ നിയോഗിച്ചത്.
ഇതോടെയാണ് പിഴ ചുമത്താന്‍ തീരുമാനിച്ചത്.
25 ലക്ഷം രൂപ അടച്ചു പരിപാടിയുമായി മുന്നോട്ടുപോകാന്‍ ആര്‍ട്ട് ഓഫ് ലിവിങ്
അനുമതി ലഭിച്ചിരുന്നു. ബാക്കി തുക ഒരുമാസത്തിനകം അടയ്ക്കുമെന്നായിരുന്നു
ഉറപ്പ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പിഴ മുഴുവന്‍ അടച്ചില്ല.
തുടര്‍ന്ന് കോടതിയുടെ കനത്ത താക്കീതിനെ തുടറന്നാണ് ഇപ്പോള്‍ പിഴയടച്ചത്.