തിരുവനന്തപുരം: അഗസ്ത്യര്‍കൂടം സ്ത്രീ പ്രവേശനം വിലക്കിയിട്ടില്ല. സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയതായി വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ഈ യാത്രയ്ക്ക് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്.
പേപ്പാറ വനം റെയ്ഞ്ചിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടത്തിലേയ്ക്ക് യാത്ര ചെയ്ത് തിരിച്ച് വരണമെങ്കില്‍ നിലവില്‍ മൂന്നു പകലും രണ്ടു രാത്രിയും വേണം. പൂര്‍ണമായും കാല്‍നടയായി യാത്രചെയ്യേണ്ട ഇവിടെ നിബിഡ വനത്തിലൂടെയുളള ചെങ്കുത്തായ പാതയാണ് ഉളളത്. നിരവധി വന്യമൃഗങ്ങളും, കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുന്ന ആനത്താരകളും ഈ വനമേഖലയുടെ ഭാഗമാണ്. ഇത്തരമൊരു വഴിയിലൂടെ വനിതകള്‍ കൂടി യാത്രചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിരവധി മുന്‍കരുതലുകള്‍ ഉണ്ട്. ശൗചാലയങ്ങളും വിശ്രമമുറികളും അത്യന്താപേക്ഷിതമാണ്. എന്നാല്‍ കാടിനകത്ത് ഇത്തരത്തിലുളള ഏത് നിര്‍മ്മിതികള്‍ക്കും വന നിയമം അനുസരിച്ച് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. സുരക്ഷാ സൗകര്യങ്ങളുടെ പരിമിതി കൂടി പരിഗണിച്ചാണ് സ്ത്രീകളുടെ യാത്രയ്ക്കുളള ബുദ്ധിമുട്ട് അറിയിച്ചതെന്ന് മന്ത്രി അറിയിച്ചു