മഹാത്മാഗാന്ധിയെ ബ്രിട്ടീഷ് ഏജന്റ് എന്നു വിളിച്ച പ്രസ് കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ രാജ്യസഭ പ്രമേയം പാസാക്കി. കട്ജു തന്റെ ബ്ലോഗില്‍ നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ചുള്ള പ്രമേയം രാജ്യസഭ ഏകകണ്ഠമായാണ് പാസ്സാക്കിയത്. രാജ്യസഭാദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരിയാണ് പ്രമേയം അവതരിപ്പിച്ചത്.
ദശകങ്ങളോളം രാഷ്ട്രീയത്തിലേക്ക് മതം കുത്തിവെച്ചു ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കുക എന്ന നയത്തെ ഗാന്ധിജി സഹായിച്ചുവെന്നാണ് കഴിഞ്ഞ ദിവസം കട്ജു തന്റെ ബ്ലോഗില്‍ കുറിച്ചത്. അഹിംസ ഉയര്‍ത്തിപിടിച്ച ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെ നിരുപദ്രവ സത്യാഗ്രഹമാക്കി. ബ്രിട്ടീഷുകാരുടെ താല്‍പര്യത്തെ സഹായിക്കുന്നതായിരുന്നു ഗാന്ധിജിയുടെ പ്രവര്‍ത്തി.
ഗാന്ധിജിയുടെ സാമ്പത്തിക നയം തീര്‍ത്തും പരാജയമായിരുന്നു. ഗാന്ധിജി നിര്‍ദേശിച്ച സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ ജാതിരൂഢവും പലിശക്കാരും ജഡ്ജിമാരും വാഴുന്ന സ്ഥലങ്ങളാണ്. ഗാന്ധിജിയുടെ ട്രസ്റ്റിഷിപ്പ് സിദ്ധാന്തം വിഡ്ഢിത്തം നിറഞ്ഞതും വഞ്ചിക്കുന്നതുമാണ്.
ബ്ലോഗില്‍ രാഷ്ട്രപിതാവിനെ കുറിച്ചെഴുതിയത് വിവാദമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ലെന്നും ബ്ലോഗില്‍ കട്ജു വ്യക്തമാക്കുന്നു. പ്രതിഛായ കാര്യമാക്കുന്നില്ല. രാജ്യ താല്‍പര്യമാണ് തനിക്ക് മുഖ്യമെന്നും കട്്ജു ബ്ലോഗില്‍ കുറിച്ചിരുന്നു.