Mobirise Website Builder v4.9.3
NEWS03/07/2017

ജി. എസ്. ടി: ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല; കണ്ടെത്തിയാൽ രജിസ്‌ട്രേഷന്‍ റദ്ദാക്കും: ധനമന്ത്രി

ayyo news service
തിരുവനന്തപുരം:ജി. എസ്. ടിയുടെ പേരില്‍ പരമാവധി വില്‍പ്പന വിലയേക്കാള്‍ (എം. ആര്‍. പി) ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില വ്യാപാരികള്‍ വില കൂട്ടി വില്‍ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പഴയ സ്‌റ്റോക്ക് ആണെങ്കില്‍ പോലും എം. ആര്‍. പി വിലയേക്കാള്‍ കൂടാന്‍ പാടില്ല. നിലവിലുള്ള വിലയ്ക്കു പുറമെയാണ് ചിലര്‍ ജി. എസ്. ടി ഈടാക്കുന്നത്. ജി. എസ്. ടി പ്രാബല്യത്തില്‍ വന്നതോടെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും നിലവിലുള്ളതിനേക്കാള്‍ നികുതി കുറയുകയാണ് ചെയ്തിരിക്കുന്നത്. അധിക വില ഈടാക്കുന്നത് നിയന്ത്രിക്കുന്നതിനും നടപടിയെടുക്കുന്നതിനും കേന്ദ്ര അതോറിറ്റി ഉടന്‍ നിലവില്‍ വരും. സംസ്ഥാനങ്ങളില്‍ ഇതിനായി സ്‌ക്രീനിംഗ് കമ്മിറ്റികളുണ്ടാവും. വില കൂടുതല്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലായ് ഒന്നു മുതലുള്ള പരാതികള്‍ കമ്മിറ്റി പരിഗണിക്കും. നിയമലംഘനം നടത്തുന്നവരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന വിധത്തില്‍ നടപടികളുണ്ടാവും. 

ഇപ്പോഴുള്ള പരാതികള്‍ ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വില്‍പ്പന നികുതി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാം. സ്‌ക്രീനിംഗ് കമ്മിറ്റി നിലവില്‍ വരുന്നതോടെ പരാതികള്‍ കൈമാറും. ചിലര്‍ കൂടിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതും നിയമവിരുദ്ധമാണ്. ഹോട്ടലുകളും റസ്റ്റോറന്റുകളും ഇത്തരത്തില്‍ വില വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാപാരികളുടെയും ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകളുടെയും സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. ഉത്തരവാദിത്വത്തോടെ നിയമാനുസൃത വില നിശ്ചയിക്കാന്‍ ഹോട്ടലുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ചരക്ക് വിഭാഗത്തില്‍ നൂറ് ഉത്പന്നങ്ങളുടെ നികുതി താരതമ്യ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വരും ദിവസങ്ങളില്‍ പത്രങ്ങളില്‍ പരസ്യം നല്‍കും. സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 
 


Views: 1516
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY