ചെന്നൈ: അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജി.പി.എസ്)ത്തിന് സമാനമായ സേവനം ഉറപ്പാക്കുന്ന ഇന്ത്യയുടെ പദ്ധതിയിലെ നാലാം ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. മാര്‍ച്ച് ഒമ്പതിന് നടത്തേണ്ടിയിരുന്ന വിക്ഷേപണം ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു.
പദ്ധതിയിലെ ഏഴ് ഉപഗ്രഹങ്ങളില്‍ നാലാമത്തേതാണ് ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ഡി. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐ.ആര്‍.എന്‍.എസ്.എസിന്റെ പൂര്‍ണ രൂപം. മൊത്തത്തില്‍ 1420 കോടി രൂപയാണ് ചിലവ.് ഈ പദ്ധതി 2015 ല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഐ.എസ്.ആര്‍.ഒ. 1500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായ സ്ഥലവിവരങ്ങള്‍ നല്‍കാന്‍ ഐ.ആര്‍.എന്‍.എസ്.എസിന് കഴിയും.
വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും െ്രെഡവര്‍മാര്‍ക്ക് റൂട്ട് വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. സേവനം തുടങ്ങുന്നതിന് നാല് ഉപഗ്രങ്ങളെങ്കിലും വിക്ഷേപിക്കേണ്ടതുണ്ട്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു കഴിഞ്ഞു. പി.എസ്.എല്‍.വി സി27 റോക്കറ്റ് ഉപയോഗിച്ചു തന്നെയായിരുന്നു നാലാം ഉപഗ്രഹത്തിന്റെ വിക്ഷേപണവും.