ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെല്‍ട്രോണ്‍ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ കെ.പി.പി. നമ്പ്യാര്‍ (86) ബെംഗളൂരുവില്‍ അന്തരിച്ചു. കുന്നത്ത് പുതിയവീട്ടിൽ പദ്മനഭാൻ നമ്പ്യാര് എന്നാണ് മുഴുവൻ പേര്.
അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ വൈകിട്ട് 7.50ഓടെയായിരുന്നു അന്ത്യം.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ബെംഗളൂരുവില്‍നിന്ന് മൃതദേഹം ജന്മനാടായ കണ്ണൂരിലെ കല്യാശ്ശേരിയിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം വ്യാഴാഴ്ച.
ഇലക്ട്രോണിക്‌സ് മേഖലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2006ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം കെ.പി.പി. നന്പ്യാരെ ആദരിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഒട്ടേറെ ബഹുമതികളും പുരസ്‌കാരങ്ങളും നമ്പ്യാര്ക്ക് ലഭിച്ചിട്ടുണ്ട്.
1929 ഏപ്രില്‍ 15ന് കല്യാശ്ശേരിയില്‍ ചിണ്ടന്‍ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകനായി ജനിച്ച കെ.പി.പി. നമ്പ്യാര്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് എണ്ണമറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഭാര്യ: ഉമാദേവി നമ്പ്യാര്‍. മക്കള്‍: സരോജിനി നമ്പ്യാര്‍, പദ്മന്‍ ജി. നമ്പ്യാര്‍, കിരണ്‍ നമ്പ്യാര്.