തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്, സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ ഡോ. കെ.സി. ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി രാജു എന്നിവർ കേരള കോണ്‍ഗ്രസ്-എമ്മില്‍ നിന്നു രാജിവച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമായ പി.സി. ജോസഫും രാജിവച്ചതായി അറിയുന്നതായി രാജി തീരുമാനം അറിയിച്ചുകൊണ്ട് ആന്റണി രാജു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേരള കോണ്‍ഗ്രസ്- ജെ പുനരുജ്ജീവിപ്പിക്കുമെന്ന് രാജിവച്ച നേതാക്കള്‍ പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്തു സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പുതിയ പാര്‍ട്ടിയെ നയിക്കുമെന്നും ആന്റണി രാജു അറിയിച്ചു.
എല്‍ഡിഎഫുമായി തങ്ങള്‍ ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍, ജനാധിപത്യ, മതേതര, പുരോഗമന പ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
കെ.എം. മാണിക്കും ജോസ് കെ. മാണി എംപിക്കുമെതിരേ രൂക്ഷമായ വിമര്‍ശനമാണു രാജിവച്ച നേതാക്കള്‍ ഒപ്പിട്ട പ്രസ്താവനയില്‍ നടത്തിയിരിക്കുന്നത്. മക്കള്‍രാഷ്ട്രീയം, കര്‍ഷകവിരുദ്ധ നിലപാടുകള്‍, ബിജെപി ബന്ധം എന്നിവയാണു പാര്‍ട്ടി വിട്ടുപോകുന്നതിനുള്ള കാരണങ്ങളായി ഇവര്‍ പറഞ്ഞിരിക്കുന്നത്. സീറ്റ് തര്‍ക്കം മൂലമല്ല പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകുന്നതെന്നും ആന്റണി രാജു പറഞ്ഞു.