തിരുവനന്തപുരം:ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് പ്രധാനമന്ത്രി എന്നെ വിളിച്ച് മന്ത്രിയാക്കി. അദ്ദേഹത്തിന് വലിയ വലിയ സ്വപ്നങ്ങളുണ്ട് ഈ നാട്ടിലെ മനുഷ്യർക്ക് മാന്യമായി ജീവിക്കാനുള്ള ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ടവന് മനുഷ്യനായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം ഇതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഇന്ത്യയിൽ നട്ടെല്ലുണ്ടെന്ന് തെളിയിച്ച ഒരു പ്രധാനമന്ത്രിയാണ് എന്റെ പ്രീയപ്പെട്ടവരെ നരേന്ദ്ര മോദി. ആ സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടി അതിലൊരു ചെറിയ പങ്ക് വഹിക്കാൻ വേണ്ടി എന്നെ അതിന്റെ ഭാകമാക്കിയതിൽ ഞാൻ പ്രധാന മന്ത്രിക്കും എല്ലാപേർക്കും നന്ദിപറയുകയാണ്. ഒരുപാടു വലിയ കാര്യങ്ങൾ കേരളത്തിനുവേണ്ടി ചെയ്യാനുണ്ട് അത് നമ്മൾ ഒരുമിച്ച് തീരുമാനിച്ചു പ്രവർത്തിച്ച് ആ വലിയ വലിയ കാര്യങ്ങൾ ചെയ്യണമെന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. തിരുവന്തപുരത്ത് ബിജെപിയുടെ സ്വീകരണം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എന്റെ വിമാനം 7 .15 നാണ് ഞാൻ ഒരു അഞ്ചുമിനുട്ടിനകം പോകും അല്ലെങ്കിൽ നാളെ പത്രത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ വരും കേന്ദ്രമന്ത്രി വിമാനം പിടിച്ചിട്ടു. അതുകൊണ്ടു ഞാൻ ദീർഘനേരം പ്രസംഗിക്കുന്നില്ല എന്ന് പറഞ്ഞു മാധ്യമങ്ങൾക്കിട്ടു ഒരു കുത്തുകൊടുത്താണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
മാലപ്പടക്കവും ചെണ്ടമേളവും പുഷ്പവൃഷ്ടിയും പൂത്താലമേന്തിയ വനിത പാർട്ടി പ്രവർത്തകരുടെ അകമ്പടിയുമൊക്കെയായി ഉജ്വല സ്വീകരണമാണ് കേരളത്തിന്റെ കേന്ദ്രമന്ത്രിക്ക് ലഭിച്ചത്. മന്ത്രി എത്തുന്നതിനുമുമ്പ് ശക്തമായ മഴപെയ്തത് സ്വീകരണത്തിന്റ ശോഭയെക്കെടുത്തുമെന്ന് കരുതിയെങ്കിലും മഴ പെട്ടെന്ന് ശമിച്ചു. മംഗളകാര്യത്തിനുമുന്പ് മഴ പെയ്യുന്നത് ശുഭസൂചകമായി കണക്കാക്കിയ അണികളിൽ വീണ്ടും ആവേശം നിറഞ്ഞു. കാർത്തികതിരുനാൾ തീയേറ്റർ കവാടത്തിൽ നിന്ന് മന്ത്രിയെ കുമ്മനം രാജശേഖരനും മറ്റു പാർട്ടി പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ച് വേദിയിലേക്ക് കൊണ്ടുയപോയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷനായിരുന്നു. ഓ രാജഗോപാൽ എം എൽ എ, പി ഗോപിനാഥൻ നായർ, ടിപി ശ്രീനിവാസൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.