തിരുവനന്തപുരം:കുറ്റവാളികളോടല്ല, ജനങ്ങളോടാകണം പോലീസിന്റെ മൈത്രി. തെറ്റായ പ്രവണതകള്‍ തുടച്ചുനീക്കി പുതിയ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ പോലീസ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ബീറ്റിനുപോകുന്ന പോലീസുകാര്‍ മാത്രമല്ല, എല്ലാതലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജനമൈത്രീ സംസ്‌കാരം ഉള്‍ക്കൊള്ളണം. ഇതിനായി അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരണം. പണ്ടൊക്കെ ചില പോലീസുകാര്‍ക്ക് സ്‌റ്റേഷനില്‍ എത്തുന്നവരെ തല്ലണമെന്നത് വാശിയായിരുന്നു. നിയമപ്രകാരമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ബാധ്യതയുള്ളവരെന്ന ഓര്‍മ പോലീസിനു വേണം. അരുതാത്ത കാര്യങ്ങള്‍ നടന്നാല്‍ അതു സംരക്ഷിക്കാന്‍ പാടില്ല. ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും, അവരുടെ പീഡനമേല്‍ക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും കഴിയണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുന്‍ ഡി.ജി.പിമാരായ രമണ്‍ ശ്രീവാസ്തവ,
ജേക്കബ് പുന്നുസ് എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.
ജനങ്ങള്‍ പോലീസ് സേവനങ്ങള്‍ ആഗ്രഹിക്കുന്നവരായതിനാല്‍ ജനങ്ങളുടെ സഹകരണം പദ്ധതിക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നല്ല വാക്ക് പറഞ്ഞുകൊണ്ട് നല്ല പോലീസുകാരാകാമെന്ന് തെളിയിക്കാനുള്ള പോലീസിനുള്ള അവസരമാണിതെന്ന് പദ്ധതിയുടെ ദൗത്യപ്രഖ്യാപനം നടത്തിയ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. ജനമൈത്രി പദ്ധതി സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം മേയര്‍ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. ചലച്ചിത്രനടന്‍ സുരാജ് വെഞ്ഞാറമൂട് പ്രത്യേക അതിഥിയായിരുന്നു. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ സ്വാഗതവും തിരുവനന്തപുരം റേഞ്ച് െഎ.ജി മനോജ് എബ്രഹാം നന്ദിയും പറഞ്ഞു.
നിയമപാലനത്തിലും പോലീസ് പ്രവര്‍ത്തനങ്ങളിലും പൊതുജന സഹകരണവും ലക്ഷ്യമിടുന്ന ജനമൈത്രി സുരക്ഷാ പദ്ധതി 2008 ലാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 20 പോലീസ് സ്‌റ്റേഷനുകളില്‍ തുടങ്ങിയ പദ്ധതി വിജയമായതിനാല്‍ 267 ഓളം സ്‌റ്റേഷനുകളില്‍ കൂടി വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്.