തിരുവനന്തപുരം: ഈ ഭൂമുഖത്ത് നമ്മുടെ സഹജീവികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരില്‍ കണ്ടറിയാനുള്ള അവസരം കൂടിയാണ് ചലച്ചിത്രമേള. അതുകൊണ്ട അവരുടെ സഹനങ്ങളോട് ഐക്യപ്പെടാന്‍ ഏകാധിപത്യ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും അതുവഴി വിശാല മാനവികതയുടെ സന്ദേശം പരത്താനുതകുന്നതുമായ ഒരു സാംസ്‌കാരിക പ്രതിരോധ പരിപാടികൂടിയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നാംലോക രാജ്യങ്ങളിലെ സിനിമകള്‍ അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചലച്ചിത്രതാരം ശാരദയെ ആദരിച്ചു. മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമന്ത്രി കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്തു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ജൂറി ചെയര്‍മാന്‍ ഖെയ്‌റി ബെഷാറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.