ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന വാജ്‌പേയി അവിവാഹിതനായിരുന്നു. മൃതദേഹം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ യമുനാ തീരത്ത് ശക്തിസ്ഥലില്‍ സംസ്‌ക്കരിക്കും. രാജ്യമെങ്ങും ഏഴു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചുണ്ട്.
മൂന്ന് തവണയായി ആറ് വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വിദേശമന്ത്രിയായും പ്രവര്‍ത്തിച്ചു. 40 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന വാജ്‌പേയി 10 തവണ ലോക്‌സഭയിലും രണ്ട് പ്രാവശ്യം രാജ്യസഭയിലുമെത്തി. 2015 ല്‍ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചു.
ഗ്വാളിയറില്‍ 1924ല്‍ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണ ദേവിയുടെയും മകനായി ജനിച്ച വാജ്‌പേയി ഗ്വാളിയര്‍ ലക്ഷ്മിഭായ് കോളേജിൽനിന്ന് ഹിന്ദി, ഇംഗ്‌ളീഷ്, സംസ്‌കൃതം എന്നീ വിഷയങ്ങളില്‍ ബിരുദം നേടി. കാണ്‍പുരിലെ ഡിഎവി കോളേജില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും എടുത്തു. വിദ്യാര്‍ഥിയായിരിക്കെ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വാജ്‌പേയി 1944ല്‍ ആര്യസമാജത്തിന്റെ യുവജനവിഭാഗം സെക്രട്ടറിയായി. 1951ല്‍ ജനസംഘത്തില്‍ ചേര്‍ന്നു. 1957ല്‍ ബല്‍റാംപുരില്‍നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 1999ല്‍ നിലവില്‍ വന്ന വാജ്‌പേയി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ച കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായിരുന്നു.