ന്യൂഡല്‍ഹി/തിരുവനന്തപുരം: 500 - 1000 നോട്ടുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ ഉപയോഗിക്കാം. ഇന്നലെ രാത്രി വരെ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന ഇടപാടുകള്‍ക്കാണു മൂന്നു ദിവസംകൂടി അനുമതി നല്‍കിയത്.
ഗവണ്‍മെന്റ് ആശുപത്രികള്‍, ഫാര്‍മസികള്‍, റെയില്‍വേ ടിക്കറ്റ് ,
സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ്, മെട്രോ റെയില്‍, ഹൈവേകളിലെയും
റോഡുകളിലെയും ടോള്‍, റെയില്‍വേയിലെ ഭക്ഷണം, വൈദ്യുതിബില്‍, വെള്ളക്കരം,
പാചകവാതക സിലിന്‍ഡര്‍, ഗവണ്‍മെന്റ് മില്‍ക്ക് ബൂത്ത്, ശ്മശാനങ്ങള്‍, കോടതി
ഫീസ്, കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും
നികുതികള്‍, പിഴകള്‍, ഫീസ്, ചാര്‍ജ് എന്നിവ അടയ്ക്കല്‍. കോ–ഓപ്പറേറ്റീവ്
സ്റ്റോറുകളിലെ ഇടപാടുകള്‍. എന്നിവയ്ക്കാണ് അടുത്ത മൂന്നു ദിവസത്തേക്ക് കൂടി ഇളവ് നല്‍കിയിരിക്കുന്നത്.
അതേസമയം, ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു തവണ മാത്രമേ 4000 രൂപയുടെ പഴയ
കറന്‍സി മാറ്റി വാങ്ങാനാവൂ. കൂടുതല്‍ കറന്‍സി ഉണ്ടെങ്കില്‍ ബാങ്കില്‍
അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കണം. പിന്നീട് നിര്‍ദിഷ്ട പരിധി
പാലിച്ച് പണം പിന്‍വലിക്കാം. റിസര്‍വ് ബാങ്ക് ഇന്നലെ പുറപ്പെടുവിച്ച
വിശദീകരണമാണിത്. ഒരേ ഐഡി ഉപയോഗിച്ചു പല ദിവസം 4000 രൂപ വീതം പഴയ കറന്‍സി
മാറ്റിവാങ്ങുന്ന സാഹചര്യം കണക്കിലെടുത്താണിത്. രാജ്യത്തെ
ബാങ്കുകള്‍ രണ്ടാംശനിയാഴ്ചയായ ഇന്നും നാളെയും രാവിലെ 10 മുതൽ നാലുവരെ തുറന്നു പ്രവര്‍ത്തിക്കും.
അതുപോലെ, ഇന്നു
മുതല്‍ തിങ്കള്‍ അര്‍ധരാത്രി വരെ ദേശീയപാതകളില്‍ ടോള്‍ പിരിവും നിര്‍ത്തിയിട്ടുണ്ട്.