തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 14 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ ആറു പേര്‍ കാസര്‍കോട് ജില്ലയിലും രണ്ടു പേര്‍ കോഴിക്കോട് ജില്ലയിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതില്‍ എട്ടു പേര്‍ ദുബായിയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ യു. കെയില്‍ നിന്നും വന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ആകെ 72460 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 71,994 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആദ്യ ദിനത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഗൗരവപൂര്‍ണമല്ലാത്ത ഇടപെടലാണുണ്ടായത്. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ക്കും മറ്റുമായി പുറത്തിറങ്ങി. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നതിനാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയത്. അത് അവസരമായെടുക്കരുത്. സ്വകാര്യ വാഹനങ്ങളില്‍ യാത്ര നടത്തുന്നവരില്‍ നിന്ന് യാത്രാവിവരം വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ ഫോം പൂരിപ്പിച്ച് കൈയില്‍ കരുതണം. ഫോമില്‍ രേഖപ്പെടുത്തുന്ന കാര്യത്തിനല്ല യാത്രയെങ്കില്‍ നടപടിയുണ്ടാവും. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു മുതിര്‍ന്ന ആള്‍ക്കുകൂടിയാണ് യാത്രയ്ക്ക് അനുമതിയുള്ളത്. പൊതുസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല. ഇതിനെതിരെ പോലീസ് നടപടി കൂടുതല്‍ ശക്തമാക്കും. കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മുതല്‍ അഞ്ച് മണി വരെയും മറ്റു ജില്ലകളില്‍ രാവിലെ ഏഴു മുതല്‍ അഞ്ച് മണി വരെയും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും.