ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യില്‍ നിന്നേറ്റ കനത്ത തിരിച്ചടി പഴയ ജനതാപാര്‍ട്ടിയില്‍നിന്ന് വിഘടിച്ചുപോയ ആറുപാര്‍ട്ടികളുടെ ലയനത്തിന് കാരണമായി.പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സമാജ്‌വാദി പാര്‍ട്ടി, ജെ.ഡി.യു, ജനതാദള്‍ എസ്, ആര്‍.ജെ.ഡി, സമാജ്‌വാദി ജനത, ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ലയിച്ച് ഒറ്റപ്പാര്‍ട്ടിയായത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവാണ് പുതിയ പാര്‍ട്ടിയുടെ ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനും. പാര്‍ട്ടിയുടെആറംഗ പാര്‍ലമെന്ററി ബോര്‍ഡിനേയും തിരഞ്ഞെടുത്തു. പുതിയ പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും പിന്നീട് തീരുമാനിക്കും. മുലായം സിങ് യാദവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ലയനം പ്രഖ്യാപിച്ചത്.
മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ്, ഒ.പി ചൗട്ടാല, ശരത് യാദവ്, കമല്‍ മൊറാര്‍ക്കാ, രാം ഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും തീരുമാനിക്കുക.
സമാജ്‌വാദി ജനതാ പാര്‍ട്ടി, സമാജ്‌വാദി ജനതാദള്‍ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ പൊതുവായി അംഗീകരിക്കപ്പെട്ടതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.
ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍, ജെ.ഡി.യു പ്രസിഡന്റ് ശരത് യാദവ്, ജനറല്‍ സെക്രട്ടറി കെ. സി. ത്യാഗി, ജനതാദള്‍ എസ് പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി ജനതാ പാര്‍ട്ടി നേതാവ് കമല്‍ മൊറാര്‍ക്കാ, ലോക്ദള്‍ നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവരും യോഗത്തില്‍ പങ്കെടുത്തു..