തിരുവനന്തപുരം:ആലപ്പുഴ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ആലപ്പുഴ ഉള്‍പ്പെടെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കും. നികത്തേണ്ട തസ്തികകളില്‍ നിയമന നടപടികള്‍ വേഗത്തിലാക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രിയില്‍ മോര്‍ച്ചറി ഭാഗത്തേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എം.പി., ജി.സുധാകരന്‍ എം.എല്‍.എ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.