തിരുവനന്തപുരം:രണ്ടു ദിവസത്തിന് മുൻപ് സംസ്ഥാന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ലോ അക്കാഡമിയിലെ സമരം രാഷ്ട്രീയമായി കാണരുതേയെന്നാണ്. അവിടെ നടക്കുന്നത് വിദ്യാർത്ഥികളുടെ സമരമാണ്. എന്നാണു ഇദ്ദേഹത്തിന് രാഷ്‌ടീയത്തോട് ഇത്രവലിയ വിരോധമുണ്ടായത്. വിദ്യാർത്ഥികളെ രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവന്ന് രാഷ്ട്രീയ പ്രവർത്തനത്തിന് നിയോഗിക്കുന്നവർ അതിനെതിരെ ശക്തമായി രംഗത്ത് വന്ന് ഇപ്പോൾ പറയുന്നത് വിദ്യാർത്ഥി സമരത്തിൽ രാഷ്ട്രീയം ഇല്ലെന്നാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. രക്തസാക്ഷിദിനത്തിൽ മാർക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തോടെന്താ ഇത്രയും വലിയ എതിർപ്പ്. നിങ്ങൾ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത് രാഷ്‌ടീയമല്ലേ. കൊലപാതകങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാല്ലേ. നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയം മാത്രം നോക്കി അക്രമം പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ലോ കോളേജിൽ നടക്കുന്ന സമരത്തിന് പിന്നിൽ രാഷ്ട്രീയമില്ലേ. രാഷ്ട്രീയം കൊണ്ട് വരരുത്. രാഷ്‌ടീയപ്രവർത്തകരുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയ പാർട്ടികൾ മാറി നിൽക്കണം എന്നാണ് ഇപ്പോൾ പറയുന്നത്. ഇതെല്ലാം ഇവരുടെ ഒരടവാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും രാഷ്ട്രീയമാണ്. ലോ അക്കാഡമിയിൽ മാത്രം രാഷ്ട്രീയം പറ്റില്ല എന്ന് പറയുന്നതെന്തിന്. ഇപ്പോൾ രാഷ്ട്രീയം നോക്കാതെ നിഷ്പക്ഷമായി ഇടപെടണം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഒ രാജഗോപാൽ എം എൽ എ,അഞ്ജലി ദേവി, കെ പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.