Mobirise Website Builder v4.9.3
NEWS23/11/2015

വനിതാ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കും:ആഭ്യന്തര മന്ത്രി

ayyo news service
തിരുവനന്തപുരം: വനിതാ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കും . സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിച്ച നാനൂറ് പേര്‍ പരിശീലനത്തിലാണ്. ഇവരെ വൈകാതെ വിവിധ തലങ്ങളിലേക്ക് വിന്യസിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ടാജ് ഹോട്ടലില്‍ സംഘടിപ്പിച്ച വനിതാ പോലീസ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്ത മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റം സാധ്യമാകുമ്പോള്‍ അതിന്റെ പ്രതിഫലനം പോലീസ് സേനയിലും ഉണ്ടാവണമെന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നത്.  സേനയിലെ വനിതാ പോലീസിന്റെ സേവനം സ്തുത്യര്‍ഹമാണ്.

നിശ്ചയദാര്‍ഢ്യത്തോടെയുള്ള അവരുടെ പ്രവര്‍ത്തനം വഴി സ്ത്രീകള്‍ക്കെതിരായ കുറ്റകൃതങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വനിതാ പോലീസുകാരുടെ തുറന്ന ചര്‍ച്ച ആവശ്യമായതിനാലാണ് ഈ രംഗത്ത് ഏറെ മുന്നിലുള്ള കേരളത്തില്‍ ഇത്തരത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ഭയ പദ്ധതി വന്‍ വിജയം നേടിയതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. പോലീസ് സേനയിലെ സ്ത്രീകളുടെ സാന്നിധ്യം ഈ വിജയത്തിന് പ്രധാന കാരണമാമാണെന്നും അദ്ദേഹം പറഞ്ഞു.

സൗത്ത് സോണ്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ സ്വാഗതം പറഞ്ഞു. സെമിനാറിന്റെ ആശയാവതരണം സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ നിര്‍വഹിച്ചു. ചലച്ചിത്ര നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അനു ഹസന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഇന്റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്.പി കമാന്‍ഡന്റ് ഉമ നന്ദി പറഞ്ഞു. സെമിനാര്‍ നാളെ സമാപിക്കും.
 


Views: 1665
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY