തിരുവനന്തപുരം:രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന് ജയം. എട്ടു പഞ്ചായത്തുകളില്‍ ഏഴിടത്തും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ശബരിനാഥന്‍ വിജയിച്ചത്. പതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് വിജയം. 56000 ത്തിലധികം വോട്ടുകളാണ് ശബരീനാഥന്‍ നേടിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. 46000ത്തിലധികം വോട്ടുകളാണ് വിജയകുമാര്‍ നേടിയത്. ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ മൂന്നാം സ്ഥാനത്തെത്തി. എക്കാലത്തെയും മികച്ച നിലയിലാണ് ബിജെപിയുടെ സ്ഥാനം. 34,000ത്തില്‍പരം വോട്ടുകള്‍ രാജഗോപാല്‍ നേടിയത്.
എട്ടു പഞ്ചായത്തുകളില്‍ ഒരിടത്തുമാത്രമാണ് എല്‍ഡിഎഫിന് ലീഡ് ചെയ്യാന്‍ സാധിച്ചത്. അരുവിക്കരയില്‍ 133 വോട്ടുകളാണ് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത്. മറ്റു ഏഴു പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ ശബരീനാഥന് സാധിച്ചിരുന്നു. വിതുരയില്‍ 1052ഉം തൊളിക്കോട് 1422ഉം ആര്യനാട് 1449ഉം പൂവച്ചലില്‍ 2108ഉം കുറ്റിച്ചിലില്‍ 1528 ഉം ഉഴമലയ്ക്കലില്‍ 368 വോട്ടിന്റെയും ലീഡ് നേടിയിട്ടുണ്ട്. നോട്ടയാണ് നാലാം സ്ഥാനത്ത്. 1430 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു.