തിരു:ശംഖുമുഖം ആറാട്ടുകടവില്‍ പദ്മനാഭസ്വാമിയും, നരസിംഹമൂര്‍ത്തിയും, തിരുവമ്പാടി കൃഷ്ണനും ആറാടി ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെ ഈവര്‍ഷത്തെ പൈങ്കുനി ഉത്സവത്തിനു സമാപനമായി.
വൈകുന്നേരം 5.15 നു ശീവേലിക്ക് ശേഷം പടിഞ്ഞാറേ നടയിലൂടെ ഗരുഡവാഹനത്തില്‍ പുറത്തിറങ്ങിയ പദ്മനാഭസ്വാമി, നരസിംഹമൂര്‍ത്തി, തിരുവമ്പാടികൃഷ്ണന്‍ എന്നിവരുടെ ഭക്തിനിര്‍ഭരമായ ആറാട്ട് ഘോഷയാത്രക്ക് രാജകുടുംബ സ്ഥാനിയന്‍ മൂലം തിരുനാള്‍ രാമവര്‍മ ഉടവാളേന്തി അകമ്പടി സേവിച്ചു. രാജകുടുംബാംഗങ്ങള്‍ , സായുധ പോലീസ്, പോലീസ് ബാന്‍ഡ് , ആശ്വരൂഡസേന എന്നിവരും ഘോഷയ്ത്രയില്‍ അകമ്പടിക്കരായി. പദ്മനാഭ മന്ത്രോച്ചാരണങ്ങളുമായി അനേകം ഭക്തരും ഘോഷയാത്രയെ അനുഗമിച്ചു.