പത്തനംതിട്ട:ഓപ്പറേഷന്‍ മൂണ്‍ഷൈനിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 55 കേസുകള്‍ എടുക്കുകയും 56 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. 22 ലിറ്റര്‍ വിദേശമദ്യം, 50 ലിറ്റര്‍ അരിഷ്ടം, 375 ലിറ്റര്‍ ചാരായം എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷന്‍ ഗാംബ്ലറിന്റെ ഭാഗമായി ജില്ലയിലെ ക്ലബ്ബുകളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തി. അടൂര്‍ ക്ലബില്‍ നിന്ന് അനധികൃത മദ്യവുമായി തരകന്‍ എന്നയാളെ അറസ്റ്റു ചെയ്തു. ക്ലബുകളില്‍ മിന്നല്‍ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു.
സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും വിപണനം തടയുന്നതിനായി നടത്തിയ ഓപ്പറേഷന്‍ യുവയില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6000 രൂപ പിഴ ഈടാക്കി.
മല്ലപ്പള്ളി എക്‌സൈസ് പാര്‍ട്ടി വ്യാജ വൈന്‍ നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 200 ലിറ്റര്‍ വ്യാജ വൈന്‍ പിടികൂടി. മല്ലപ്പള്ളി മഠത്തുംഭാഗം ചെമ്മരിയില്‍ വര്‍ഗീസ് ഈശോ, ഭാര്യ ലിസി വര്‍ഗീസ് എന്നിവരെ റിമാന്റ് ചെയ്തു. ചിറ്റാര്‍ വള്ളിപ്പറമ്പില്‍ കുഞ്ഞുമോള്‍, അങ്ങാടി മേലെപ്പുറത്ത് ചാക്കോ എന്നിവരെ കഞ്ചാവ് സഹിതവും സീതത്തോട് മൂഴിക്കല്‍ പ്രസാദിനെ 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും സഹിതം പിടികൂടി.
മദ്യദുരന്ത സാധ്യത കണക്കിലെടുത്ത് എക്‌സൈസിന്റെ വാഹന പരിശോധനയും രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. റവന്യു, പോലീസ്, ഫോറസ്റ്റ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുമായി സഹകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തും