ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സയ്ദി പ്രഖ്യാപിച്ചു. അഞ്ചു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 12ന് ആരംഭിക്കും. നവംബര്‍ അഞ്ചിനാണ് അവസാനഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം ഒക്‌ടോബര്‍ പതിനാറിനും മൂന്നാം ഘട്ടം ഒക്‌ടോബര്‍ 28നും നാലാം ഘട്ടം നവംബര്‍ ഒന്നിനും അവസാന ഘട്ടം നവംബര്‍ അഞ്ചിനും നടക്കും.
ഒന്നാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 32 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 50 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 54 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 54 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. ആകെ 243 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സപ്തംബര്‍ പതിനാറിന് പുറത്തിറങ്ങും. നവംബര്‍ പന്ത്രണ്ടോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. നവംബര്‍ 29നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാവുക.
വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കുമെന്ന് പറഞ്ഞു. സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച വോട്ടിങ് യന്ത്രമാവും ഉപയോഗിക്കുക. വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എ.കെ.ജോടിയും ഓം പ്രകാശ് റാവത്തും സംബന്ധിച്ചു.