തിരുവനന്തപുരം:നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ഈ വര്ഷത്തെ നരേന്ദ്രപ്രസാദ് അവാര്ഡ് നെടുമുടിവേണുവിനു സമ്മാനിച്ചു. മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്ത പഞ്ചദിന നാടകോത്സവ സമാപനച്ചടങ്ങിൽ നെടുമുടി വേണുവിനു മുഖ്യാതിഥി മധു അവാര്ഡ് സമ്മാനിച്ചു. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാര്ഡ്.
നരേന്ദ്രപ്രസാദ് സാഹിത്യ അവാര്ഡ് ഡോ.കെ എസ് രവികുമാറിനും,പ്രവാസി മലയാളി സാമൂഹ്യ പ്രവര്ത്തക ഷീല ഫിലിപ്പോസിനും മധു അവാർഡുകൾ സമ്മാനിച്ചു. നാട്യഗൃഹം ജനറൽ സെക്രട്ടറി പി വി ശിവൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശിഷ്ടാതിഥിയായിരുന്നു. നാട്യഗൃഹത്തിന്റെ ആദ്യകാല കലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു. പി കെ രാജ ശേഖരൻ,പ്രൊഫ.അലിയാര്,എം കെ ഗോപാലകൃഷ്ണൻ,കെ എ മുരളീധരൻ എന്നിവര് സംസാരിച്ചു .
നാട്യഗൃഹത്തിന്റെ സംഘാടനത്തിൽ 25 മുതൽ ആരംഭിച്ച നാടകോത്സവത്തിൽ കേരളത്തിലെ വിവിധ സമിതികൾ നരേന്ദ്രപ്രസാദിന്റെ എട്ടു നാടകങ്ങൾ അവതരിപ്പിച്ചു. പ്രമുഖ സാഹിത്യകാരന്മാരും നാടകപ്രവര്ത്തകരും പങ്കെടുത്ത നാടകസാഹിത്യചര്ച്ചകളും സംഘടിപ്പിച്ചിരുന്നു. നാടകോത്സത്തിനു സമാപനം കുറിച്ച് കോഴിക്കോട് ശ്രദ്ധയുടെ 'സതീർത്ഥ്യൻ' അരങ്ങേറി.