തിരുവനന്തപുരം:വി.എസ്. അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം. അതേസമയം,മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ ആരോപണ വിധേയനായ എളമരം കരീമിന് പാര്‍ട്ടിയുടെ പൂർണ പിന്തുണ പ്രഖ്യാപനം .
പാര്‍ട്ടി നിലപാടിനെതിരായ പരസ്യ പ്രസ്താവനകളാണ് പ്രമേയത്തിനു കാരണം. പിബിയെ വിഎസ് വെല്ലുവിളിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
സിപിഎം സംസ്ഥാന സെക്രട്ടറി നടത്തുന്നത് ഒറ്റയാന്‍ പ്രവര്‍ത്തനമല്ല. എല്ലാം കൂട്ടായ ആലോചന പ്രകാരമാണ് നടത്തുന്നത്. 2004 കഴിഞ്ഞു വന്ന നേതൃത്വത്തിനെതിരെ വിഎസ് കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തു വന്നിരുന്നു. പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും വിഎസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം നടത്താനുള്ള വിഎസിന്റെ ശ്രമം വച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടി അച്ചടക്കം എല്ലാര്‍ക്കും ബാധകമാണ്. പാര്‍ട്ടിക്ക് വിധേയനാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. യുഡിഎഫ് പ്രതിസന്ധിയിലാകുമ്പോഴെല്ലാം വിഎസ് ഇടപെട്ട് ശ്രദ്ധ തിരിച്ചുവിടുന്നു.
കേരളത്തിലെ പാര്‍ട്ടിയെ വിഎസ് അപകീര്‍ത്തിപ്പെടുത്തുകയാണ്. പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാന്‍ വിഎസിന് കഴിയുന്നില്ല. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ള പൊതു പ്രസ്താവനകള്‍ നിര്‍ത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടച്ചേര്‍ത്തു.