ഹരിഹരൻ, കെ പി രാമചന്ദ്രൻ നായർ, സുരേഷ് ഗോപി, ജി വേണുഗോപാൽ, ചന്ദ്രശേഖര പിള്ള
തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ അംബാ പുരസ്‌കാരം പ്രശസ്ത ഗായകൻ ഹരിഹരന് സമ്മാനിച്ചു. 'ഈ പുരസ്കാരം ഇനിയുള്ള എന്റെ സംഗീത ജീവിതത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഉപകരിക്കും. എന്റെ അച്ഛനും അമ്മയും ചെയ്ത വലിയ പുണ്യകർമ്മങ്ങളുടെ ഫലമാണ് ദേവിയുടെ പേരിലുള്ള പുരസ്കാരം ലഭിക്കാൻ ഇടയാക്കിയതെന്ന് മറുപടി പ്രസംഗത്തിൽ ഹരിഹരൻ പറഞ്ഞു. തിരുവനതപുരത്ത് ജനിച്ച ഹരിഹരന് സംഗീത ജീവിതത്തിൽ നാല് പതിറ്റാണ്ടു പൂർത്തിയാക്കിയ വേളയിലാണ് ഈ പുരസ്കാരലബ്‌ധി. ആറ്റുകാൽ ദേവിയുടെ ശില്പവും സ്വര്ണമുദ്രയും, പ്രശസ്തിപത്രവും ക്യാഷ്അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് ചെയർമാൻ കെ പി രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ പുരസ്‌കാരം സമ്മാനിച്ചു. രാജ്യസഭാ എം പി സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ എന്നിവർ ആശംസകൾ നേർന്നു. പ്രസിഡന്റ് ചന്ദ്രശേഖര പിള്ള സ്വാഗതം ആശംസിച്ചു തുടർന്ന് ഹരിഹരനും സംഘവും നയിച്ച ഗാനമേള അരങ്ങേറി.