കാവാലം ശ്രീകുമാർ, രാജീവ് ഒഎൻവി
തിരുവനന്തപുരം: തിരുവോണനാളിലും നിറഞ്ഞ് ഓണാഘോഷ വേദികള്‍. സദ്യയുടെ ആലസ്യവും ഉത്രാടപ്പാച്ചിലിന്റെ ക്ഷീണവും മാറ്റിവച്ച് ഉത്സവ നഗരിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. നാടന്‍ കലാവിരുന്നുകളായിരുന്നു തിരുവോണദിനത്തിന്റെ പ്രത്യേകത. കനകക്കുന്നില്‍ പ്രത്യേകമായി സജ്ജീകരിച്ച മൂന്ന് വേദികളിലെ നാടന്‍ കലാരൂപങ്ങള്‍ക്കായിരുന്നു ആരാധകരേറെയും. തിരുവരങ്ങില്‍ എ. രാജമ്മയുടെ നേതൃത്വത്തിലുള്ള പൂപ്പട തുള്ളല്‍ അരങ്ങേറി. മുഖ്യമായും വടക്കന്‍ കേരളത്തില്‍ കണ്ടു വരുന്ന പൂപ്പട തുള്ളല്‍ അനന്തപുരിക്ക് നവ്യാനുഭവമായി. തുടര്‍ന്ന് വി. പ്രബലകുമാരിയും സംഘവും കാക്കാരശ്ശി നാടകം അവതരിപ്പിച്ചു. തിരുവരങ്ങില്‍ പിന്നീട് സര്‍പ്പംപാട്ടും തിരിയുഴിച്ചിലുമായെത്തിയത് സി.എ ജ്യോതി ലക്ഷ്മിയും സംഘവുമായിരുന്നു. ഗണപതി സ്തുതിയോടെ തുടങ്ങിയ സര്‍പ്പംപാട്ടില്‍ ഇലത്താളം, നാഗവീണ, പുള്ളവ കുടം എന്നീ വാദ്യങ്ങളാണ് മുഖ്യമായും ഉപയോഗിച്ചത്.
കരിയം രാജനും സംഘവും അവതരിപ്പിച്ച ഭദ്രകാളി പാട്ടോടെയാണ് നാട്ടരങ്ങ് വേദിയുണര്‍ന്നത്. തുടര്‍ന്ന് നടന്ന ഐശ്വര്യ കലാസമിതിയുടെ വില്‍പ്പാട്ട് ഏറെ ആസ്വാദനശ്രദ്ധ പിടിച്ചു പറ്റി. ഭൈരവി, യക്ഷിക്കോലം എന്നിവ അവതരിപ്പിച്ചു കൊണ്ട് പടയണിക്കോലങ്ങള്‍ വേദി നിറഞ്ഞു. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പടയണി അവതരിപ്പിച്ചത്.
മൂന്നാമത്തെ വേദിയായ സോപാനത്തില്‍ മാന്തോലില്‍ നിര്‍മ്മിച്ച ഇരുനൂറോളം പാവകളുപയോഗിച്ച് ലക്ഷ്മണപ്പുലവറും അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം തോല്‍പ്പാവകൂത്ത് ശ്രദ്ധേയമായി. പണയില്‍ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച വേലകളിയും സുധീര്‍ മുള്ളൂര്‍ക്കരയും സംഘവും അവതരിപ്പിച്ച സര്‍പ്പപാട്ടും തിരിയുഴിച്ചിലും ഈ വേദിയെ ധന്യമാക്കി.
പ്രധാനവേദിയായ നിശാഗന്ധിയില്‍ ഒ.എന്‍.വി ക്കും കാവാലം നാരായണപണിക്കര്‍ക്കും കാവാലം ശ്രീകുമാറും അപര്‍ണാ രാജീവും കല്ലറ ഗോപന്‍, രാജ ലക്ഷ്മി, ജി ശ്രീറാം, രാജീവ് ഒഎൻവി തുടങ്ങിയവർ ചേര്‍ന്ന് നല്‍കിയ സംഗീത പ്രണാമം വേറിട്ടതായി.
ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊലീസ് ഓര്‍ക്കസ്ട്രയായ കേരള പൊലീസ് ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്നോടെയാണ് നിശാഗന്ധിയുടെ തിരുവോണരാവുണര്‍ന്നത്. ശ്രീവിദ്യാ കലാനികേതന്‍ കള്‍ച്ചറല്‍ സൊസൈറ്റി അവതരിപ്പിച്ച തിരുവോണ പൂവിളി നൃത്ത നൃത്യങ്ങളും തിരുവോണ ദിനാഘോഷങ്ങള്‍ക്ക് മിഴിവേകി. രാജലക്ഷ്മിയുടെ വീണകച്ചേരിയും അര്‍ജുന്‍ ബി കൃഷ്ണയുടെയും അടൂര്‍ സുദര്‍ശനന്റെയും വായ്പാട്ടും കൊണ്ട് സംഗീതിക വേദി സമ്പന്നമായി.
പ്രശസ്ത ചലച്ചിത്രപിന്നണി ഗായകരായ സച്ചിന്‍വാര്യര്‍, സിതാര തുടങ്ങിയവരുടെ നേതൃത്വത്തിലും കെ.ജി മാര്‍ക്കോസിന്റെയും മനീഷയുടെയും നേതൃത്വത്തില്‍ പൂജപ്പുരമൈതാനത്തും സംഗീത നിശ അരങ്ങേറി. ശംഖുംമുഖം, കഴക്കൂട്ടം, നെടുമങ്ങാട്, മുടവൂര്‍പ്പാറ, ആക്കുളം എന്നീ വേദികളിലും തിരുവോണദിനത്തില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിവിധ കലാപരിപാടികള്‍ അരങ്ങേറി.