മുംബൈ:ആനവേട്ടക്കേസിലെ മുഖ്യപ്രതി തൂങ്ങി മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ ഫാം ഹൗസിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കോതമംഗലം കുട്ടമ്പുഴ കൂവപ്പുഴ സ്വദേശി വാസു എന്ന ഐക്കരമറ്റം വാസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് മരിച്ചത് വാസുവാണെന്ന് തിരിച്ചറിഞ്ഞത്. തൊഴിലാളിയെന്ന വ്യാജേന ഫാം ഹൗസില്‍ ജോലി ചെയ്തുവരികയായിരുന്നു.
സംഘത്തിലെ പാചകക്കാരന്റെ മൊഴിയിലൂടെയാണ് വാസുവിന്റെ പങ്കുവെളിപ്പെട്ടത്. സംഘത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിത്താവളങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
കേസിലെ ഏറ്റവും നിര്‍ണായകമായ കണ്ണിയാണ് മരിച്ച വാസു. ഇരുപതോളം ആനകളെയാണ് വാസു കാട്ടില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയത്. രാജ്യാന്തര തലത്തിലേക്കും ആനവേട്ട വ്യാപിച്ചിരുന്നുവെന്നാണ് വിവരം. 19 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.