തിരുവനന്തപുരം: 22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്. ബംഗാളി നടി മാധവി മുഖര്‍ജി, തെന്നിന്ത്യന്‍ നടൻ പ്രകാശ് രാജ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു..
പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് ഒരു ചിത്രം വിജയിക്കുതെന്ന് മാധവി മുഖര്‍ജി പറഞ്ഞു. ഐ എഫ് എഫ് കെയുടെ ഉയര്‍ന്ന നിലവാരമാണ് ലോകോത്തര സംവിധായകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയെ പ്രതിഷ്ഠിക്കാന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേള സഹായകമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ മുഖർജിക്ക് ഉപഹാരം സമ്മാനിച്ചു. അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രകാശ് രാജിനെ പൊന്നാടയണിയിച്ചു.
ഫെസ്റ്റിവല്‍ ബുക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ ചാഢ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംവിധായകനുമായ മഹമദ് സലേഹ് ഹാറൂണിന് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ ആദ്യപതിപ്പ് സംവിധായകന്‍ കെ.പി കുമാരനില്‍ നിന്ന് ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ ഏറ്റുവാങ്ങി. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ പ്രത്യേക ചലച്ചിത്രമേള പതിപ്പ് അക്കാദമി ചെയര്‍മാന്‍ കമല്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. മാധവി മുഖര്‍ജിയെ കുറിച്ച് ഡോ. രാധിക സി നായര്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു പുസ്തകത്തിന്റെ ആദ്യപതിപ്പ് അപര്‍ണ്ണാ സെന്‍ നടി ഷീലയ്ക്ക് നല്‍കി.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സ ബീനാ പോള്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചിത്രമായ 'ദ ഇന്‍സള്‍ട്ടിലെ അഭിനേത്രി ദിയമണ്ട് ബൗ അബൗദ് സദസ്സിനോട് സംവദിച്ചു. തുടർന്ന് നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.