തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളെയും അവരെ പരിചരിക്കുന്ന അമ്മമാരെയുംക്കണ്ട് തലസ്ഥാന നഗരം വേദനിക്കുകയാണ്. രാജ്യം 67 ഗണതന്ത്ര ദിനം ആഘോഷിച്ച ഇന്നലെയാണ് എൻഡോസൾഫാൻ നാശം വിതച്ച കാസര്ഗോട് നിന്നും എത്തിയ ദുരിതബാധിതരായ അമ്മയും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്. ബുദ്ധി വൈകല്യം ബാധിച്ച് ഒന്നും മിണ്ടാതെ അനങ്ങതെകിടക്കുന്ന നാലു വയസ്സുകാരാൻ ദേവനാഥ് അവന്റെ ചുണ്ടിൽ നിന്ന് അമ്മ എന്ന വിളി ഒന്ന് കേട്ടെങ്കിൽ എന്ന് ആഗ്രഹിച്ച് അവനെ പരിചരിക്കുന്ന അമ്മ അരുണിചന്ദ്രൻ.

ബുദ്ധിവൈകല്യവും, അംഗവൈകല്യവും ബാധിച്ച് അനങ്ങാൻ വയ്യാതെ കിടക്കുന്ന 21 കാരി ധന്യ. കല്യാണപ്രായമായ അവളെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അടുത്തിരുന്നു പരിചരിക്കുന്ന അമ്മ നളിനി.

ബുദ്ധി വൈകല്യവും രണ്ടു കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ട ബധിരമൂകനുമായി ഒരേകിട കിടക്കുന്ന 12 കാരൻ നിവേദ്യസുഭാഷ്. വളര്ച്ച മുരടിച്ച അവനെ ഒരു കൊച്ചുകുഞ്ഞിനെ പോൽ മടിയിൽ വച്ച് താലോലിക്കുന്ന അമ്മ നിർമ്മല.

എല്ലുപൊടിയുന്ന രോഗവും രണ്ടു കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ട 16 വയസ്സുകാരി ശില്പ. ജനിച്ചതുമുതൽ മൂന്നുമാസക്കാലം ഇടിപ്പുമുതൽ പ്ലാസ്റ്ററിട്ട് കിടന്നിരുന്ന അവൾ ഇപ്പോൾ ഇരിക്കുന്നുണ്ട് എന്നാശ്വസിക്കുമ്പോഴും അവൾക്ക് ഒന്ന് നടക്കാൻ കഴിയില്ല എന്ന് പരിതപിക്കുന്ന അമ്മ വസന്ത്. ഈ നാലു കുടുംബങ്ങളെ രോഗ കാഠിന്യത്തിന്റെയും പ്രായത്തിന്റെയും വ്യത്യാസത്തിൽ മാത്രമാണ് പരിചയപ്പെടുത്തിയത്.

ഇവരെ പോലെ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങളാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്. ഇവർ അനുഭവിക്കുന്ന തീരാ വേദനയിൽ സന്ത്വാന-സഹായ ഹസ്തവുമായി നിരവദി പേരാണ് സമരപ്പന്തലിൽ എത്തുന്നത്. 2014 ജനുവരി 26 നു സമരം ചെയ്ത നേടിയെടുത്ത ആവിശ്യങ്ങൾ രണ്ടുവര്ഷം പിന്നിടുമ്പോൾ പൂർണമായും സർക്കാർ നടപ്പാക്കിയില്ല എന്നാരോപിച്ചാണ് എൻഡോ സൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിനറങ്ങിയത്. 26 നു വി എസ് അച്ചുദാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്.