തിരുവനന്തപുരം:കാഴ്ചവൈകല്യമുളള കുട്ടികള്‍ക്ക് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്രാക്റ്റിക്കല്‍ ആവശ്യമുളള സയന്‍സ് ഗ്രൂപ്പുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവേശനം നല്‍കുന്നതിന് ചട്ടം ഭേദഗതി അടക്കമുളള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി കരിക്കുലം കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിച്ചുകൂട്ടാന്‍ എസ്സ്.സി.ഇ.ആര്‍.റ്റി ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം എന്‍. ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയുടെ കീഴിലുളള സ്‌കൂളുകളില്‍ ഇത്തരം കുട്ടികള്‍ക്ക് പ്രാക്റ്റിക്കല്‍ ഉളള സയന്‍സ് വിഷയങ്ങളില്‍ പ്രവേശനം നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലെ സ്‌കൂളുകളില്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യാവസരം, തുല്യ പങ്കാളിത്തം, സംരക്ഷണാവകാശം എന്നിവയുടെ നിഷേധമാണെന്ന് കമ്മീഷന്‍ കണ്ടെത്തി.
കൂടാതെ, ഭിന്നശേഷിയുളള കുട്ടികളുടെ പ്ലസ് ടൂ പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുളള കമ്മിറ്റിയില്‍ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കാഴ്ചവൈകല്യം ഉള്‍പ്പെടെയുളള ഭിന്നശേഷിയുളള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ പരിശീലനപരിപാടികള്‍ നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.