തിരുവനന്തപുരം:തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കളക്ടര്‍ ഉപാധ്യക്ഷനുമായുള്ള 13 അംഗ സമിതിക്കാണ് ജില്ലാകളക്ടര്‍ എസ്. വെങ്കിടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപം നല്‍കിയത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള സമിതിയും പ്രവര്‍ത്തിക്കും. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് 2001ല്‍ പുറത്തിറക്കിയ മാര്‍ഗരേഖയും നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
വന്ധ്യംകരണത്തിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്തുള്ള ഹ്രസ്വകാല നടപടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇത് തുടരും. തെരുവുനായ ശല്യ നിയന്ത്രണത്തിനുള്ള രണ്ടാം ഘട്ട പദ്ധതി ശാസ്ത്രീയമായി ഉടന്‍ നടപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്തനാകൂ. ഇതിനായി പ്രശ്‌നബാധിത പഞ്ചായത്തുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണം. പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ബ്ലോക്ക് തലത്തില്‍ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം. സമഗ്രമായ പദ്ധതി രൂപീകരിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കണം. സാഹചര്യങ്ങള്‍ പലതായതിനാല്‍ കോര്‍പറേഷന്‍, ഗ്രാമീണ മേഖലകളില്‍ അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരും.
ഭക്ഷണ മാലിന്യമാണ് തെരുവുനായ് ശല്യം വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്ന തിരിച്ചറിവ് ഉണ്ടാകണം. മാലിന്യ സംസ്‌കരണവും തെരുവുനായ വന്ധ്യംകരണവും ഒരുമിച്ചു കൊണ്ടുപോയാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാനാകുമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. വെറ്ററിനറി ഡോക്ടര്‍മാരുടെയും മൃഗസംരക്ഷണ വകുപ്പു ജീവനക്കാരുടെയും പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയുമുള്‍പ്പെടെ യോജിച്ച ശ്രമം വേണം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാമ്പുകളില്‍ എത്തിച്ചാണ് വന്ധ്യംകരണം നടത്തുക. അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണവുമുണ്ടാകും. നായകള്‍ക്ക് ആവശ്യമായ സംരക്ഷണവും ചികില്‍സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലുള്ളതിനു പുറമേ കരാര്‍ അടിസ്ഥാനത്തിലും ഡോക്ടര്‍മാരെ നിയോഗിക്കും. വെറ്ററിനറി ഡോക്ടര്‍മാര്‍ കുറവുള്ളിടങ്ങളില്‍ വെറ്ററിനറി സയന്‍സ് വിദ്യാര്‍ഥികളെക്കൂടി സഹകരിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നാലു മേഖലകളായി തിരിച്ച് ഏകോപിപ്പിക്കും. ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.
സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരെ നിയോഗിക്കും. മുഴുവന്‍ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും. നിയമാനുസൃതവും കൂട്ടായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ഏവരും അണിനിരക്കണമെന്നും കളക്ടര്‍ പറഞ്ഞു. മേയര്‍ അഡ്വ.വി.കെ. പ്രശാന്ത്, ജില്ലയിലെ 23 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ഗോപകുമാര്‍, വെറ്ററിനറി വകുപ്പു ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് ഇംപ്ലിമെന്റേഷന്‍ ഓഫീസര്‍,പഞ്ചായത്ത് സെക്രട്ടറിമാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു.