തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണപാനീയങ്ങള്‍ വിതരണംചെയ്യാന്‍ പ്ലാസ്റ്റിക്പാത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. അന്നദാനം നടത്തുന്ന സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങള്‍ ഭക്തജനങ്ങള്‍ ഒപ്പം കരുതി പ്ലാസ്റ്റിക് ദുരുപയോഗം ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ദിഷ്ട ഡെസിബലില്‍ കൂടുതല്‍ ശബ്ദത്തില്‍ മൈക്ക്‌സെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാലും നടപടിയുണ്ടാകും. ജില്ലയ്ക്കു പുറത്തുനിന്നുള്ള മൈക്ക് ഓപ്പറേറ്റര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സത്യവാങ്മൂലവും ഹാജരാക്കി ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് അനുമതി വാങ്ങാതെ ജില്ലയിലൊരിടത്തും മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും അലോസരമുണ്ടാക്കുന്ന വിധത്തില്‍ ശബ്ദമലിനീകരണം നടത്തുന്നവരെ കണ്ടെത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിക്കും.
പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യത്തിന് ശുദ്ധജലവും ഗതാഗത സൗകര്യങ്ങളും താത്കാലിക പൊതു ടോയ്‌ലറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് വേണ്ട സൗകര്യമൊരുക്കണമെന്നും ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരുടെ സൗകര്യാര്‍ത്ഥം ബസുകളില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രിക, ആര്‍.ഡി.ഒ. മധു ഗംഗാധര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.