ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏഴു ഫ്രാഞ്ചൈസികൾക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷ (ഇസ്ര) ന്റെ ഹര്‍ജിയിലാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയും അതിനുശേഷവും ഇസ്രയുടെ അനുവാദം ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഒഴിച്ചുള്ള ഫ്രാഞ്ചൈസികളെ വിലക്കിയത്. മുൻ വര്‍ഷങ്ങളില്‍ ഇസ്രക്ക് റോയല്‍റ്റി നല്‍കുന്നതില്‍ ഐപിഎല്‍ സംഘാടകര്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നു ആരോപിച്ചാണ് ഹർജി. ഏപ്രില്‍ 19 വരെയാണ് വിലക്ക്.
റേഡിയോ, ടിവി, മൊബൈല്‍ ഫോണ്‍, മറ്റു മാര്‍ഗങ്ങള്‍ എന്നിവയിലൂടെ പാട്ടു വയ്ക്കുന്നതിനാണ് ടീമുകളെ വിലക്കിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ ബിസിസിഐക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. 19ന് മുമ്പ് നോട്ടീസിന് മറുപടി നല്‍കാന്‍ ബിസിസിഐയോട് കോടതി നിര്‍ദേശിച്ചു.