ന്യൂഡല്‍ഹി:വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിയാവശ്യപ്പെട്ടു പ്രതിഷേധിച്ച 25 കോണ്‍ഗ്രസ് എംപി മാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭയില്‍ നിന്ന് അഞ്ചു ദിവസത്തേക്കു പുറത്താക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍ എന്നിവരും ഇതിലുള്‍പ്പെടുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നതിനുമെതിരെ പലതവണ മുന്നറിയിപ്പു നല്‍കിയ ശേഷമാണു സ്പീക്കര്‍ സുമിത്ര മഹാജന്‍ കര്‍ക്കശ നടപടിക്കു മുതിര്‍ന്നത്. ഏതാനും ദിവസം മുന്‍പു കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരിയെ അവര്‍ ഒരു ദിവസത്തേക്കു പുറത്താക്കിയിരുന്നു.
ചോദ്യോത്തര വേള പൂര്‍ത്തിയാക്കിയ ശേഷമാണു സര്‍വകക്ഷി യോഗത്തിനു കളമൊരുക്കി അവര്‍ രണ്ടുമണി വരെ യോഗം നിര്‍ത്തിയത്. ഈ സമയമത്രയും കേരളത്തില്‍ നിന്നുള്ളവരടക്കം പ്രതിഷേധവുമായി നടുത്തളത്തിലുണ്ടായിരുന്നു.ബി.എന്‍. ചന്ദ്രപ്പ, സന്തോക് സിങ് ചൗധരി, അബു ഹസേം ഖാന്‍ ചൗധരി, സുഷ്മിത ദേവ്, ആര്‍. ധ്രുവനാരായണ, നിനോങ് എറിങ്, ഗൗരവ് ഗൊഗോയ്, സുകേന്ദര്‍ റെഡ്ഡി, ദീപേന്ദര്‍ സിങ് ഹൂഡ, എസ്.പി. മുദ്ദഹനുമെ ഗൗഡ, അഭിജിത് മുഖര്‍ജി, കെ.എച്ച്. മുനിയപ്പ, ബി.വി. നായക്, വിന്‍സന്റ് പാലാ, രഞ്ജീത് രഞ്ജന്‍, സി.എല്‍. റുവാല, തമ്രധ്വജ് സാഹു, രാജീവ് സത്തവ്, രവ്‌നീത് സിങ്, ഡി.കെ. സുരേഷ്, തോക്‌ചോം മെയ്‌നിയ.എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് എംപി മാര്.