കൊച്ചി: നാവിക സേനാംഗങ്ങള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിലെ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പാണ് മുന്നറിയിപ്പൊന്നുമില്ലാതെ പ്രധാനമന്ത്രി സേനാംഗങ്ങള്‍ക്ക് സമീപമെത്തി അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്തത്.
എസ്.പി.ജിയുടെ സുരക്ഷ ക്രമീകരണങ്ങള്‍ അവഗണിച്ചെത്തിയ പ്രധാനമന്ത്രിയുമൊത്തുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്കായി കേഡറ്റുകളും ഓഫീസര്‍മാരുമടക്കമുള്ള സേനാംഗങ്ങള്‍ മത്സരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് തിരുവനന്തപുരത്തായിരുന്നതിനാല്‍ കൊച്ചിയില്‍ നിന്നും അനൗപചാരിക അന്തരീക്ഷത്തിലായിരുന്നു മോഡിയുടെ മടക്കം.
മിനിസ്റ്റര്‍ ഇന്‍ വെയിറ്റിങ് കെ.പി. മോഹനന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കൊല്ലത്തേക്ക് ഹെലിക്കോപ്റ്ററില്‍ അനുഗമിച്ചു.
ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണര്‍ എം,പി. ദിനേശ്, ബി.ജെ.പി നേതാക്കളായ എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ യാത്ര അയയ്ക്കാനെത്തിയിരുന്നു.
ഇന്നലെ രാവിലെ ഹോട്ടല്‍ താജ് വിവന്റയില്‍ നിന്നും നാവിക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മൂന്ന് സേനകളുടെയും സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ വിമാനവാഹിനി ഐ.എന്‍.എസ് വിക്രമാദിത്യയിലേക്ക്. അറബിക്കടലില്‍ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്കൊപ്പം കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധോവന്‍, വ്യോമസേന മേധാവി അരൂപ് റാഹ എന്നിവര്‍ക്കൊപ്പം സംയുക്ത യോഗത്തില്‍ പങ്കെടുത്ത ശേഷം ഐ.എന്‍.എസ് ഗരുഡയില്‍ പ്രധാനമന്ത്രി തിരിച്ചിറങ്ങുമ്പോള്‍ സമയം 2.05.
ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാറെത്തിയെങ്കിലും അദ്ദേഹം നേരേ നാവിക വിമാനത്താവളത്തിന്റെ ലോബിയിലേക്ക് നടന്നു. അവിടെ സംസ്ഥാന ബി.ജെ.പി നേതാക്കളുമായി 15 മിനിറ്റോളം കൂടിക്കാഴ്ച. ശബരിമല മാസ്റ്റര്‍ പ്ലാന്‍, മേക്ക് ഇന്‍ ഇന്ത്യയില്‍ കേരളത്തിന്റെ പങ്കാളിത്തം എന്നിവ സംബന്ധിച്ചായിരുന്നു ആശയവിനിമയം. ലോബിയില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രിക്ക് ഹെലിക്കോപ്റ്ററിലേക്ക് പോകുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടര്‍ന്നും കാറിലേക്ക് വഴി കാട്ടിയെങ്കിലും റണ്‍വെയ്ക്ക് സമീപം സേനാംഗങ്ങളെ കണ്ടതോടെ അവിടേക്ക് നടന്നു.
വി.ഐ.പി പവിലിയനില്‍ മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരോട് കുശലം പറഞ്ഞ ശേഷമാണ് പ്രധാനമന്ത്രി അമ്പതോളം വരുന്ന സേനാംഗങ്ങള്‍ക്കിടയിലേക്കെത്തിയത്. വിശിഷ്ടാതിഥി അപ്രതീക്ഷിതമായി കടന്നു വന്നതോടെ ദൂരെ നില്‍ക്കുകയായിരുന്ന സേനാംഗങ്ങളും ആ കൂട്ടത്തിലേക്ക് ഓടിയെത്തി. തുടര്‍ന്ന് സെല്‍ഫിയെടുക്കാനുള്ള മത്സരം. ഗ്രൂപ്പ് ഫോട്ടോയ്ക്കും നരേന്ദ്ര മോദി പോസ് ചെയ്തു. ഒടുവില്‍ എല്ലാവര്‍ക്കും കൈവീശീ യാത്ര പറഞ്ഞ് ഹെലിക്കോപ്റ്ററിലേക്ക്. പ്രധാനമന്ത്രിയുമായി ഹെലിക്കോപ്റ്റര്‍ നാവികത്താവളത്തില്‍ നിന്നുയരുമ്പോള്‍ സമയം 2.28.
കൊച്ചിയില്‍ നിന്നും മൂന്ന് ഹെലിക്കോപ്റ്ററുകളിലായാണ് പ്രധാനമന്ത്രിയുടെ സംഘം കൊല്ലത്തേക്ക് യാത്രയായത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് സിംഗ്ല തുടങ്ങിയവരാണ് പ്രധാനമന്ത്രി സഞ്ചരിച്ച കോപ്റ്ററിലുണ്ടായിരുന്നത്. മന്ത്രി കെ.പി. മോഹനന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തുടങ്ങിയവര്‍ രണ്ടാമത്തെ ഹെലിക്കോപ്റ്റിലായിരുന്നു. മറ്റ് സ്റ്റാഫംഗങ്ങളും മെഡിക്കല്‍ സംഘവും മൂന്നാമത്തെ ഹെലിക്കോപ്റ്ററിലും.