സരസ്വതി അമ്മ
ലോകം വൃദ്ധ ദിനം ആചരിച്ചപ്പോള്‍ അങ്ങനെ ഒരു ദിവസം ഉണ്ടെന്നോ തങ്ങള്‍ വൃദ്ധരായെന്നോ പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാതെ വളരെ സന്തുഷ്ടരായി കഴിയുന്ന കുറച്ചു പേരെ ഈ നഗരത്തിലെ ഒരു ഭവനത്തിൽ കണ്ടു. അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും സഹോദരിയുടെയും ജീവിത ചുമതലകള്‍ നിറവേറ്റിയ അവര്‍ ശേഷിച്ച ജീവിതം സ്വസ്ഥവും സമാധാനവും സന്തോഷകരവുമായി ജീവിച്ചുതീര്ക്കുകയാണ് റോട്ടറി ക്ലബ്ബിന്റെ തിരുവനന്തപുരത്തെ പൂജപ്പുരയിലെ വയോജന കേന്ദ്രത്തില്‍.
തിരിവിതാംകൂര്‍ രാജവംശത്തിന്റെ സ്മരണകള്‍ പേറുന്ന ഈ കേന്ദ്രം മഹാറാണി കാര്‍ത്തികതിരുനാള്‍ ലക്ഷ്മിഭായി ഒരു നിലയില്‍ ആരംഭിച്ചതാണ്. ഇന്ന് മൂന്നു നിലയില്‍ 23(12 സ്ത്രീ,11 പുരുഷ) വയോജനങ്ങളെ പരിപാലിക്കുന്ന നിലയിലേക്ക് വളര്ന്ന നഗരത്തിലെ മികച്ച ഈ സ്ഥാപനം നാല്പതു വര്‍ഷങ്ങള്‍ക്ക് മുന്പാണ് റോട്ടറി ഏറ്റെടുക്കുന്നത്. മഹാറാണിയുടെ സ്മരണ നിലനിര്ത്താനായി ശ്രീകാര്ത്തികതിരുനാള്‍ ലക്ഷ്മിഭായി വയോജനകേന്ദ്രം എന്ന പേരാണ് നല്കിയിരിക്കുന്നത്. ഒപ്പം രാജവംശത്തോടുള്ള ആദരസൂചകമായി ഇവിടത്തെ അന്തേവാസികള്‍ക്ക് ഭക്ഷണത്തോടൊപ്പം മത്സ്യ-മാംസാദികൾ വിളമ്പാറുമില്ല. രാവിലെ ഒരു കട്ടന്‍ ചായ,പിന്നെ പാല്‍ ചായ,ദോശാ,ഇഡ്ഡലി,പുട്ട് തുടങ്ങിയവയില്‍ ഒരെണ്ണം പ്രഭാതഭക്ഷണം,ഉച്ചയൂണ്, വൈകുന്നേരം ചായയും കടിയും,രാത്രിയില്‍ ചപ്പാത്തിയും കറിയും ഇതാണ് ഇവിടുത്തെ ആഹാരരീതി.
താഴത്തെ നില ഡോര്‍മെറ്റ്‌റിയും മുകളിലത്തെ രണ്ടു നിലകള്‍ ബാത്ത് അറ്റാചിഡ് മുറികളുമാണ്. ആഹാരം അവരവരുടെ മുറികളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വായിക്കാന്‍ ചെറിയ ഗ്രന്ഥശാലയും, വിനോദത്തിനായി ടിവിയും,പരിപാലനത്തിനായി അഞ്ചു ജീവനക്കാരുള്ള കേന്ദ്രത്തിന്റെ പൂര്ണ ചുമതല സെക്രട്ടറിക്കാണ്. അടുത്ത ബന്ധുക്കള്‍ മൂന്നു പേരുടെ പൂര്ണ ഉത്തരവാദിത്വത്തില്‍ മാത്രമേ ഒരാളെ ഇവിടെ അന്തേവാസിയാക്കൂ. അവര്‍ ഇടയ്ക്കിടെ ഇവരെ സന്ദര്ശിക്കണമെന്നും നിര്ബന്ധമാണ്. ഉപേക്ഷിക്കപ്പെടുന്നര്‍ക്ക് ഇവിടെ സ്ഥാനമില്ല. ഒരു നിശ്ചിത നിക്ഷേപതുകക്ക് പുറമേ മാസം 4000 രൂപ(താഴത്തെ നില)യും മുകളിലെ താമസ്സക്കാര്‍ക്ക് 5000 രൂപയും നല്കണം.
ഇന്നത്തെ കാലത്ത് നല്ല ലാഭകരമായ കച്ചവടമാക്കാവുന്ന വയോജനകേന്ദ്രം മാസം 35.000 ത്തോളം രൂപ നഷ്ടം സഹിച്ചാണ് റോട്ടറി നടത്തിക്കൊണ്ടുപോകുന്നത്. അന്തേവാസികൾക്ക് കൂടുതല്‍ സൗകര്യം എര്‌പ്പെടുത്തുന്നതിന്റെ ഭാഗമായി ഡോര് മെറ്റ്റി മാറ്റി മുറികൾ സ്ഥാപിക്കും വര്ഷങ്ങളായി പെയിന്റ് തൊടാത്ത കെട്ടിടത്തെ പെയിന്റ് ചെയ്തു സുന്ദരമാക്കുമെന്നും മാനേജര് ബിജു പറഞ്ഞു. 55 സെന്റിൽ നിലകൊള്ളുന്ന സ്ഥാപനം പരിപാലിച്ചു കൊണ്ട് പോകാൻ തന്നെ നല്ല തുക ചെലവാകുന്നുണ്ട്. വര്ഷങ്ങളായി കെട്ടിടം പെയിന്റു ചെയ്യാത്തതിന് കാരണവും അതാണെന്നും ബിജു പറഞ്ഞു.
മുതിര്ന്ന അന്തേവാസി 85 കാരി സരസ്വതി അമ്മക്ക് മക്കളോടെപ്പം അന്യ സംസ്ഥാനത്തും സ്വന്തം വീട്ടിൽ ഒറ്റക്കും താമസിക്കാൻ വയ്യാത്തത് കൊണ്ടാണ് മക്കൾ ഇവിടെ കൊണ്ടാക്കിയത്. ഇവിടെ വന്നു നാലുകൊല്ലം കഴിഞ്ഞ സരസ്വതിയമ്മയെ വളരെ സന്തുഷ്ടയയാണ് കണ്ടത്. ഇവിടെ ആൾക്കാരുണ്ട്, സമയത്ത് ആഹാരം മുറിയിലെത്തും, ഇടയ്ക്കു മക്കൾ വരും എല്ലാം കൊണ്ടും സുഖം എന്നാണു സരസ്വതി അമ്മ പറഞ്ഞത്.
മറ്റൊരു മുതിര്ന്ന അന്തേവാസിയായ രവീന്ദ്രനാഥ പിള്ള(83) ഇവിടെ വന്നിട്ട് 18 വര്ഷം. കല്യാണം കഴിച്ചിട്ടില്ല. ഇദ്ദേഹത്തെ സഹോദരനാണ് ഇവിടെ കൊണ്ടാക്കിയത്. നല്ല ആരോഗ്യം. അത് തെളിയിക്കാനായി എനിക്കൊരു ഷെയിക്ക് ഹാൻഡ് തന്നു. ശരിതന്നെയാണ് നല്ല സ്ട്രോങ്ങ്. യോഗാസനം ചെയ്യാറുണ്ട്. നല്ലതുപോലെ കഷ്ടപ്പെട്ട എനിക്ക് ഇതൊരു വിശ്രമജീവിതമാണെന്നും ഇവിടത്തന്നെ ജീവിതമാസാനിപ്പിക്കുക എന്നതാണ് ആഗ്രഹമെന്ന് പിള്ള പറഞ്ഞു. ഇവിടെയുള്ള 23 പേരിൽ പകുതിയിലധികം പേരും ഗവണ്മെന്റ് ജോലിയിൽ നിന്ന് പെൻഷൻ പറ്റിയവരാണ്.
രവീന്ദ്രനാഥ പിള്ള(ഇടത്) യും മറ്റൊരു അന്തേവാസി വിജയമോഹനും(65) വൃദ്ധദിനത്തോടനുബന്ധിച്ചു കരളലിയിപ്പിക്കുന്ന ഒരു സ്റ്റോറി കിട്ടുമെന്ന് കരുതിയാണ് ഞാൻ റോട്ടറിയുടെ നടയിൽ വണ്ടിയിറങ്ങിയത്. കാഴ്ചയിൽ കളർഫുൾ അല്ലാത്ത കെട്ടിടം കണ്ടപ്പോൾ ഇന്ന് കോളടിച്ചെന്നുകരുതി മെല്ലെ ഗേറ്റ് തുറന്നു അകത്തു കയറിയ എന്നെ സ്വീകരിച്ചത് രവീന്ദ്രനാഥാണ്. സ്വന്തം വീട്ടിലെ കാരണവരെപ്പോലെ അദ്ദേഹം എന്നോട് കുശലാന്വേഷണം നടത്തി. ഞാൻ പലതും ചോദിച്ചിട്ടും അവിടുത്തെ ജീവിതത്തെ കുറിച്ച് നല്ലതുമാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ.
അനുവാദം വാങ്ങിക്കാതെ അകത്തേക്ക് കയറിയതും ചോദ്യങ്ങൾ ചോദിച്ചതും തെറ്റാണെന്ന് പറഞ്ഞ മാനേജർ സെക്രട്ടറി ശ്രീനിവാസൻസന്തോഷിനെ ഫോണിൽ വിളിച്ചു, അദ്ദേഹം ആദ്യം എന്നെ കുറ്റപ്പെടുത്തിയെങ്കിലും ലക്‌ഷ്യം വെളിപ്പെടുത്തിയപ്പോൾ ഇവിടെ ഒന്നും ഒളിക്കാനില്ലെന്നും വേണ്ടത് ചെയ്തോളാനും പറഞ്ഞു . തുടർന്ന് അവിടെ കുറച്ചു നേരം ചെലവഴിച്ച് മടങ്ങിപോരുമ്പോൾ എന്റെ കാഴ്ചപ്പാടുകളാകെ മാറിയിരുന്നു. അങ്ങനെയാണ് സുതാര്യമായതും കളങ്കമില്ലാത്തതുമായ ഒരു സ്ഥാപനത്തെ കുറിച്ചാകണം എഴുതേണ്ടത് എന്ന് തീരുമാനിച്ചത്.
വേണ്ടപ്പെട്ടവർ വിശ്വസ്തതയോടെ നോക്കാൻ എല്പ്പിക്കുന്ന പ്രിയപ്പെട്ടവരെ ലാഭക്കൊതിയില്ലാതെ കരുതലോടെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മറ്റ് തട്ടിപ്പ് വയോജനകേന്ദ്രങ്ങൾ മാതൃകയാക്കട്ടെ എന്നൊരു സദുദ്ദേശ്യവും അതിനു പിന്നിലുണ്ട് .