ഈ ലോക കപ്പിലെ ഏറ്റവും വലിയ നഷ്ടമാണ് സൂപ്പർതാരം ലയണൽ മെസ്സിയും അർജന്റീനയും. ഇനിയുള്ള ലോക കപ്പുകളിൽ അർജന്റീനയുണ്ടാകാം പക്ഷെ അടുത്ത ലോകകപ്പിൽ ലയണൽമെസ്സി യുണ്ടാകുമോ എന്ന സംശയം ആരാധകരെ വേദനിപ്പിക്കുന്നുണ്ടെങ്കിലും ഈ ലോക കപ്പിൽ മെസ്സി അടിച്ച ഒരു ഗോൾ എന്നും അവരുടെ ഓർമ്മയിലുണ്ടാകും. ഒരു പക്ഷെ ഈ ലോകകപ്പിൽ പിറന്ന ഗോളുകളിൽ വച്ച് ഏറ്റവും മനോഹരമായ ഒരു ഗോളായി അവരതിനെ കണക്കാക്കുന്നുമുണ്ട്. ആരാധന മൂത്ത് അവർ പറയുന്നതല്ല എല്ലാ അർത്ഥത്തിലും ആ ഗോൾ ഒരു സൂപ്പർതാര മികവിന്റെ ഗോൾ തന്നെയായിരുന്നുവല്ലോ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നൈജീരിയക്കെതിരെ പതിനാലാം മിനുട്ടിൽ മധ്യഭാഗത്ത് നിന്നും ഉയർന്നുവന്ന ബോളിനെ ചാട്ടുളിപോലെ പെനാൽറ്റി ബോക്സിലേക്ക് കടന്നു വന്നു ഇടതു തുടയിൽ സ്വീകരിച്ച് ആ കാൽ പാദം കൊണ്ട് തട്ടി ഉരുട്ടി വലതുകാൽ കൊണ്ട് നൈജീരിയൻ ഗോൾ വലയുടെ ഇടതുമൂല കുലുക്കിയ മെസ്സി ഗോൾ ഒരനുഭവം തന്നെയായിരുന്നു. വെറും മൂന്നു ടച്ചിലാണ് മെസ്സി ആ ഗോൾ വലയിലെത്തിച്ചത്. ഓടിവന്ന് തുടയിൽ പന്ത് സ്വീകരിക്കുന്നു പാദം കൊണ്ട് മുന്നോട്ട് ഉരുട്ടുന്നു വലതുകാല്കൊണ്ട് ഷൂട്ട് ചെയ്ത ഗോളാക്കുന്നു. അത്രയും കൃത്യതയാർന്ന ഒരു കോപ്പി ബുക്ക് ഗോൾ മറ്റൊരു സ്‌ട്രൈക്കറിൽ നിന്ന് ഇതുവരെ പിറന്നട്ടില്ല. ആ ഗോൾ എത്ര കണ്ടാലും മതിവരുന്നില്ലെന്നു ആരാധകർ ഒന്നടങ്കം പറയുന്നു. അന്ന് ഹിന്ദി കമന്ററി പറഞ്ഞ നോവി കപാഡിയ ആ ത്രീ ടച്ച് ഗോളിനെ പല കുറിയാണ് പ്രശംസിച്ചത്. അതുകൊണ്ട് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ സിനിമ സംഭാഷണം കടമെടുത്ത് മെസി ഒരുഗോളടിച്ചാൽ നൂറ് ഗോളടിച്ചമാതിരി എന്ന് പറയാം. മെസ്സിക്കും ആരാധകർക്കും ഓർമ്മിക്കാൻ ആ ഒരു ഗോളല്ലേയുള്ളു.