ഇരുപതാം എഡിഷനോടെ വളരെയേറെ പ്രേക്ഷകപ്രശംസ നേടിയ കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഗുണം ഇനി കേരളത്തിലെ ഗ്രാമ വാസികള്‍ക്കും കിട്ടുന്ന വിധത്തില്‍ ക്രമീകരിക്കണം.
മേള ഇരുപതു കൊല്ലമായി എന്ന് സത്യസന്ധതയോടെ പറയുന്നവര്‍ മറക്കുന്ന ഒരു കാര്യം വയനാട്ടിലും ഇടുക്കിയിലും അല്ലെങ്കില്‍ വിദൂര ദിക്കില്‍ താമസിക്കുന്ന ചിലര്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചലച്ചിത്രോല്‍സവം കണ്ടിട്ടില്ല എന്നതാണ്. അതിനു സാഹചര്യം ഒത്തുവന്നില്ല എന്നതാണ് നേര്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളം പല ഭൗതിക സാഹചര്യങ്ങളാല്‍ വേറിട്ട് നില്ക്കുന്ന ഭൂവിഭാഗം എന്ന പോലെ കേരളത്തിലെ സാധാരണക്കാര്‍ ഈ വേര്‍തിരിവ് നേരിടുന്നവരാണ്.
ചലച്ചിത്രോല്‍സവവേദി കൊച്ചിയെയും കോഴിക്കോടിനെയും വിട്ടു തിരുവനന്തപുരത്തായപ്പോള്‍ സിനിമയെ സ്‌നേഹിക്കുന്ന ഒരുപാടു പേര്‍ക്ക് അവസരം നഷ്ടമായി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സാഹചര്യങ്ങളില്‍ മേളക്ക് സ്ഥിരവേദി ഉണ്ടാകുമ്പോള്‍ അതിനെ അനുകൂലിക്കുകയാണ് വേണ്ടത് . എന്നാല്‍ ചലച്ചിത്രോല്‍സവ സന്ദര്‍ഭങ്ങളില്‍ തിരുവനന്തപുരത്ത് വന്ന് മുറി വാടകക്കെടുത്ത് താമസിച്ചു സിനിമ കാണാന്‍ പറ്റാത്ത ആളുകളെക്കുടി സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം.
മുന്‍പ് ഒരു മേള കഴിഞ്ഞതിനു ശേഷമുള്ള ഓണ്‍ലൈന്‍സംഭാഷണത്തില്‍ കെ ആര്‍ മോഹന്‍ സാറിനോട് ഞാന്‍ ഈവിവരം പറയുകയുണ്ടായി. ' തിരുവനന്തപുരത്ത് മേള നടക്കുമ്പോള്‍ തന്നെ ഇതേ പാസ്‌സംവിധാനത്താല്‍ ഓരോ ജില്ലാ കേന്ദ്രങ്ങളില്‍ ഒന്ന് രണ്ട് തിയറ്റര്‍വാടകക്കെടുത്ത് ഇവിടെ ഉള്ളപോലെ തന്നെ അഞ്ചു സിനിമ വീതംകാണിച്ചാല്‍ ഇവിടെ വന്ന് സിനിമ കാണാന്‍ കഴിയാത്ത കുറെപേര്‍ക്കെങ്കിലും സഹായമാകുകയില്ലേ.?' അന്ന് സാര്‍ പറഞ്ഞത് ഓരോ സിനിമയും രണ്ടോ മുന്നോഷോയ്ക്ക് മാത്രമാണ് നമുക്ക് കിട്ടുന്നത് അതിനാള്‍ അത് പറ്റില്ലഎന്നാണ്.
നമുക്കറിയാം മൂന്നാം ചലച്ചിത്രോല്‍സവം വരെപുതിയ സിനിമ എടുക്കാതെ ആര്‍ക്കെയിവില്‍ നിന്നെടുത്തവയാണ് കാണിച്ചിരുന്നത് . അതുപോലെ നമുക്ക് കിട്ടാന്‍ പറ്റുന്ന സിനിമകള്‍കൂടി ഉള്‍പ്പെടുത്തി പാരലലായി ജില്ലാതല മേളകള്‍ കൂടി സംഘടിപ്പിക്കണം. ചേര്‍ത്തല, തൃശൂര്‍, കോഴിക്കോട്എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ തിയറ്ററുകള്‍ ഉള്ളപ്പോള്‍ ഇത് കുറച്ചുംകൂടി നന്നായി നടത്താന്‍ പറ്റും.
മലയാളം സബ് ടൈറ്റിലുകള്‍
പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി നല്ല രീതിയില്‍നടപ്പിലാക്കിയതും ഇരുപതാം ചലച്ചിത്രോല്‍സവത്തില്‍ പൊതുജനങ്ങള്‍ക്കായി കാണിച്ച സിനിമകളില്‍ ഉപയോഗിച്ചവയുമാണ് മലയാളം സബ് ടൈറ്റിലുകള്‍. ജില്ലാതല മേളയിലെങ്കിലും ഈ രീതി നടപ്പിലാക്കണം. കൂടാതെ ഇംഗ്ലീഷ്‌സംസാരിക്കുന്ന സിനിമകള്‍ക്കും മലയാളം സബ് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തണം. നല്ല സിനിമ ആയിട്ടുപോലും സംസാരം ഇംഗ്ലീഷ് ആകുമ്പോള്‍ ഇറങ്ങിപ്പോക്ക് നമ്മുടെ മേളകളില്‍ ഇപ്പോഴും കാണുന്നുണ്ട് .
അക്കാദമിവക താമസസ്ഥലം ക്രമീകരിക്കണം
തിരുവനന്തപുരത്ത് ചലച്ചിത്രോല്‍സവത്തില്‍പങ്കെടുക്കുമ്പോള്‍ പ്രതിനിധികള്‍ അഭിമുഖീകരിക്കുന്ന പ്രധാനമായഒന്നാണ് വാസസ്ഥലം തേടല്‍. മേള സമയത്ത് കൂടുതല്‍ ചാര്‍ജ് ഈടാക്കല്‍, അനാവശ്യ നിബന്ധനഅടിച്ചേല്‍പ്പിക്കല്‍ , ഫോണില്‍ മുറി ബുക്ക് ചെയ്യാന്‍ പറ്റാതിരിക്കല്‍, ഒപ്പം സ്ത്രീകള്‍ ഉണ്ടെങ്കില്‍ സംശയത്തോടെയുള്ളവിചാരണ എന്നിവ പ്രതിനിധികള്‍ അഭിമുഖീകരിക്കുന്നയാഥാര്‍ത്ഥ്യങ്ങളില്‍ ചിലത് മാത്രമാണ്.
ചലച്ചിത്രോല്‍സവകാലത്ത് നഗരിയിലെ പരമാവധിമുറികളും അക്കാദമി തന്നെ ബുക്ക് ചെയ്തു പ്രതിനിധികള്‍ക്ക് അവരുടെ സൗകര്യനുസരണം നല്കുന്നതും പരിഗണിക്കേണ്ട വിഷയമാണ്. സൗജന്യമായോ ചെറിയ ഫീസ് ഈടാക്കിയോപ്രതിനിധികള്‍ക്ക് ഡോര്‍മട്ടറികളും നല്കണം
കുറഞ്ഞ വിലക്ക് ഭക്ഷണ പൊതികള്തിരുവനന്തപുരത്ത് ചുരുങ്ങിയ വിലക്ക് ഭക്ഷണ പൊതികള്‍ കൊടുക്കുന്ന അമ്മമാരെ സെക്രട്ടേറിയറ്റ് കവാടത്തിന്നരികെ പ്രവര്‍ത്തി ദിവസങ്ങളില്‍ കാണാം. ഇത്തരക്കാരെ ഉള്‍പ്പെടുത്തി ചലച്ചിത്രോല്‍സവകാലത്ത് നഗരിയിലെ പരമാവധി തിയറ്ററിനടുത്തും ഭക്ഷണ കേന്ദ്രങ്ങളും വെള്ളവും കഴിക്കാനുള്ള ഇടവും ഏര്‍പ്പെടുത്തണം.
ഏത് സാംസ്‌കാരികോത്സവങ്ങളിലും അവഗണിക്കപ്പെടുന്നവര്‍ സാധാരണക്കാരാണ്. അതിനാല്‍ നമ്മുടെ ചലച്ചിത്രോത്സവങ്ങളില്‍ വളരെ പോസിറ്റിവായ തീരുമാനങ്ങള്‍ കൈക്കൊണ്ട് വരും മേളകള്‍ കൂടുതല്‍ നന്നാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.