ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കിഴക്കേനടയിലെ ഷാജഹാന്‍ സംഗീതം നിലക്കുമോ
0
ayyo news service
ലോകപ്രശസ്തമായ അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമിക്ഷേത്ര കിഴക്കേനട കോട്ടയും, പത്മതീര്‍ഥകുളവും, മേഷമണിയും, കുതിരമാളിഗകൊട്ടാരവും,കല്പ്പടികളും,ക്ഷേത്രഗോപുരവും, നടപ്പതയിലെ ഇരുവശവും കാണുന്ന കരകൗശല വില്പനശാലകള്‍ എന്നിവ ഏതൊരു ഭക്തനെയും വിനോദസഞ്ചാരിയെയും ആകര്‍ഷിക്കുമ്പോള്‍ മറ്റൊന്നുകൂടി അവരെ ആകര്ഷിക്കാറുണ്ട് ഷാജഹാന്റെ കളിവീണയിലെ സംഗീതവും.
മലയാളം തമിഴ്,ഹിന്ദി സിനിമകളിലെ പഴയതും പുതിയതുമായ ഗാനങ്ങള്‍ ഇടതടവില്ലാതെ കളിവീണയില്‍ നിന്നുയരുമ്പോള്‍ അതാരെയാണ് ആകര്ഷിക്കാത്തത്. ഒന്ന് സ്വന്തമാക്കാണമെന്ന് ആഗ്രഹിക്കാത്തത്. അങ്ങനെ ഒരാഗ്രഹം തോന്നിയില്ലെങ്കില്‍ ഷാജഹാന്റെ കുടുംബം പട്ടിണിയാകും. കാരണം സ്‌കൂട്ടര് ബ്രേക്ക് കേബിള്‍ വലിച്ചുകെട്ടി തന്ത്രിയാക്കി അതിനോടൊപ്പം കൈത്‌നാരിന്‍ വില്ലും ചെര്ത്തുനല്കി നിങ്ങള്‍ വീട്ടില്‍പോയിരുന്നു വായിച്ചു പഠിച്ചോളു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വാങ്ങുമോ. അതിനാല്‍ കച്ചവടം നടക്കാന്‍ വേണ്ടി ആകാശഗംഗയുടെ നടുവില്‍ എന്ന മലയാള ഗാനം ആദ്യം കളിവീണയില്‍ മീട്ടാന്‍ പഠിച്ചു. പതിയെ മറ്റു ഗാനങ്ങളും പഠിച്ചെടുത്ത തനിക്ക് ഇപ്പോള്‍ ആയിരത്തിലധികം സിനിമ ഗാനങ്ങള്‍ മീട്ടാന്‍ കഴിയുമെന്നു ഷാജഹാന്‍ പറയുന്നു .
ഇതുവരെ മറ്റാര്‍ക്കും അതിനു സാധിച്ചിട്ടില്ലെന്നാണ് കിഴക്കെനടയിലെ ഷാജഹാന്റെ അരനൂറ്റാണ്ടിന്റെ സാന്നിദ്ധ്യം തെളിയിക്കുന്നത്. അങ്ങനെ ആര്‌ക്കെങ്ങിലും കഴിയുമായിരുന്നുവെങ്കില്‍ കളിവീണ കച്ചവടം ചെയ്യുന്ന നിരവധിപേരെ നമുക്കീ നഗരത്തില്‍ കണ്ടെത്താന്‍ സാധിച്ചേനെ. ദിവസവും ഒരു സാധനത്തിന്റെ അപരനിറങ്ങുന്ന ഇവിടെ ആര്ക്കും പെട്ടെന്ന് ഒരു കളിവീണ ഉണ്ടാക്കാമെങ്കിലും,അതില്‍ സംഗീതം വിരിയിക്കുന്ന മറ്റൊരു ഷാജഹാനെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കാരണം. അതുകൊണ്ട് തന്നെ ഇന്നും ഷാജഹാന്റെ കളിവീണ കച്ചവടത്തിന് എതിരാളികളുമില്ല.
തിരുവനന്തപുരത്തെ മണക്കാടുള്ള വീട്ടില്‍ വച്ച് സ്വയം നിര്മിച്ച വീണകളുമായി ഒരു സൈക്കളില്‍ വരുന്ന ഷാജഹാന്‍ ഇരട്ട തന്ത്രിയിലെ നാദവിസ്മയം കൊണ്ട് വിറ്റഴിക്കുന്നത് നിരവധിയാണ്. ഇന്ന് കാണുന്ന അത്ര മോഡേണ് അല്ലാത്ത വീണയുമായി ഒന്പത് വയസ്സുള്ളപ്പോള്‍ ഞാനിവിടെ കച്ചവടത്തിന് വന്നിരുന്നു. അന്ന് 25 പൈസക്ക് വിറ്റിരുന്ന കളിവീണ, ഇന്നു ഞാന്‍ വില്‍ല്ക്കുന്നത് 80-100 രൂപക്കാണ്. ബാപ്പ ഞങ്ങളെ പോറ്റിയിരുന്നത് വീണയുണ്ടാക്കി വിറ്റാണ്. എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഞാന്‍ ബാപ്പയുടെ പാരമ്പര്യം പിന്തുടര്‍ന്ന് 40 വര്ഷങ്ങളായി ഇവിടെ ഒറ്റയ്ക്ക് കച്ചവടം ചെയ്യുന്നു. ദൈവ കൃപയാല്‍ മൂന്നുപെണ്‍മക്കളെ നന്നായി പഠിപ്പിക്കാനും നിക്കാഹു കഴിപ്പിക്കാനും കളിവീണയിലൂടെ എനിക്കു സാധിച്ചു.
എന്റെ പാരമ്പര്യം പേറി കളിവീണയുമായി ആരും ഇവിടെ ഉണ്ടാകില്ല. ക്ഷേത്ര സുരക്ഷയുടെ കാരണം പറഞ്ഞു കിഴക്കേ നടയിലെ കച്ചവടം പോലിസ് തടഞ്ഞാല്‍, ഇന്നോ നാളയോ 64 കാരനായ എന്റെ നില്‍്പും അവസാനിക്കാം. എനിക്കൊപ്പം മറ്റു കച്ചവടങ്ങള്‍ ചെയ്തിരുന്ന പലരേയും ഇവിടുന്നു ഒഴിപ്പിച്ചെങ്കിലും ഞാനിപ്പോഴും ഇവിടെ നില്ക്കുന്നത് സംഗീതത്തിന്റെ ബലത്തിലാകാം എന്ന് ഷാജഹാന്‍ പറഞ്ഞു.
ഈറ്റത്തടി, സ്‌കൂട്ടര് ബ്രേക്ക് കേബിള്‍, കാല്ലുമുള, ചെറിയ മണ്‍്ചട്ടി, കൈതനാര് (വില്ല്) എന്നിവ ഉപയോഗിച്ചു ഞാനുണ്ടാക്കുന്ന കളിവീണയിലെ സംഗീതം കേട്ട് ഉപകരണ സംഗീത ജ്ഞാനികള്‍ പലരും എന്നോട് വഴക്കിട്ടിണ്ടുണ്ട്. സംഗീത ഉപകരണം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെന്ന എന്റെ വാക്കുകളില്‍ വിശ്വാസം വരാത്തതാണ് വഴക്കിനു കാരണം. കളിവീണ സംഗീതം ആസ്വദിച്ചശേഷം വീണവാങ്ങതെ അതിനുള്ള പണം തന്നു പോകുന്നവരുമുണ്ട്. ഇത് സ്ഥിരാമായി ആസ്വദിക്കുന്ന അഭ്യുദയകാംഷികളുടെ അഭ്യര്‍ഥന പ്രകാരം ആറ്റുകാലടക്കം പല ക്ഷേത്രങ്ങളിലെയും ഉത്സത്തിനു കളിവീണ സംഗീതം എനിക്കവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുമുണ്ട്. ഷാജഹാന്‍ പറഞ്ഞു നിര്‍ത്തി.
തികഞ്ഞ സംഗീതജ്ഞനും കലാസ്‌നേഹിയുമായ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കൊട്ടാരമായ കുതിരമാളിഗക്ക് മുന്നില്‍ നിന്ന് അഞ്ചുപതിറ്റാണ്ട് കളിവീണ വില്പനനടത്തിയതുകൊണ്ടാകാം തന്നിലെ സംഗീതം മെച്ച്മായതെന്നാണ് ഷാജഹാന്‍ വിശ്വസിക്കുന്നത് . ആ വിശ്വാസം ശരിവയ്ക്കുന്നതാണ് കളിവീണയില്‍ ഷാജഹാന്‍ തീര്‍ക്കുന്ന സംഗീത വിസ്മയം. പക്ഷെ,ഇനി എത്ര നാള്‍ ഷാജഹാനും കളിവീണയും സംഗീതവും കിഴക്കേനടയില്‍ കാണുമെന്ന ഒരു ചോദ്യം ബാക്കിയാകുന്നു.
കളിവീണയിലെ ഷാജഹാന്‍ സംഗീതവിസ്മയം കാണാം,കേൾക്കാം - ക്ലിക്ക് വാച്ച് വീഡിയോ