അയിലം ഉണ്ണികൃഷ്ണൻ
നാല് പതിറ്റാണ്ടിലധികമായി കഥാപ്രസംഗ വേദിയിൽ നിറഞ്ഞു നിൽക്കുന്ന അയിലം ഉണ്ണികൃഷ്ണൻ 10 , 000 വേദികൾ പിന്നിട്ട സന്തോഷം അറിയിച്ചത് മാനവീയം വീഥിയിൽ ഗോരഖ്പൂർ ദുരന്തത്തിൽ പ്രതിഷേധിച്ച് നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു. ചിങ്ങം ഒന്ന് മുതൽ സാമൂഹ്യ-സാംസ്കാരിക - രാഷ്‌ടീയ രംഗത്തെ പ്രശസ്തരുടെ ഓർമയിലെ ഓണക്കാലം എന്ന കണ്ടെന്റ് തുടങ്ങാനുള്ള ആലോചനയിലായിരുന്നു അയ്യോ! ഡോട്ട് ഇൻ. പക്ഷെ, അയിലം ഉണ്ണികൃഷ്ണൻ 10 ,000 വേദികൾ പിന്നിട്ടു എന്ന് ആ വേദിയിൽ വച്ച് കേട്ടപ്പോൾ ഇനി മറ്റാരെ അന്വേഷിക്കണം, കേരളത്തിന്റെ എത്രയോ ഓണനാളുകളെയാകും അദ്ദേഹം തന്റെ കലകൊണ്ട് ആഘോഷമാക്കിയിരിക്കുക. ആ തിരിച്ചറിവിൽ നിന്ന് ഇന്ന് മലയാളികളുടെ പൊന്നോണമാസമായ ചിങ്ങം പിറയുടെ ഈ സുദിനത്തിൽ അയിലം ഉണ്ണികൃഷ്ണന്റെ ഓർമയിലെ ഓണക്കാലത്തിലൂടെ ആരംഭിക്കാം എന്ന് തീരുമാനിച്ചു. ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് ചോദിച്ചത് കൊണ്ടാകാം ഇത്രയധികം വേദികൾ പിന്നിട്ട ഒരാളിൽ നിന്ന് പെട്ടെന്ന് ഓണക്കാലത്തെ ആ വേദനിപ്പിക്കുന്ന സംഭവം ഓർമയിൽ വന്നത്. തോന്നക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യുട്ടിന്റെ സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഏതാണ്ട് നാല്പത്തിരണ്ട് വര്ഷക്കാലത്തെ കഥാപ്രസംഗ രംഗത്ത് സജീവമായി നിൽക്കുന്ന എനിക്ക് എല്ലാ ഓണക്കാലങ്ങളിലും എല്ലാ ദിവസവും എന്ന് വച്ചാൽ ഏതാണ്ട് ഉത്രാടം മുതൽ തന്നെ കഥാ പ്രസംഗമാണ് അതുകൊണ്ട് 42 വർഷമായി എന്റെ ഓണമെന്ന് പറയുന്നത്. ഉത്സവപ്പറമ്പുകളിലാണ്. എങ്കിൽ തന്നെയും ആ ഓണത്തിൽ നിന്ന് എനിക്ക് കിട്ടുന്ന ആഹ്ലാദമെന്നു പറയുന്നത് വലുതാണ്. കേരളത്തിലെ എല്ലാ ജനങ്ങളും ഓണം ആഘോഷിക്കുമ്പോൾ അവരുടെ എല്ലാം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുവാനും അവരോടൊപ്പം കഴിയാനും അവർക്കുവേണ്ടി കഥാപ്രസംഗം അവതരിപ്പിക്കാനും കിട്ടുന്ന ആ നല്ല മുഹൂർത്തങ്ങൾ ഒരിക്കലും മനസ്സിൽ മായുന്നില്ല. ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല അനുഭവങ്ങളാണ് ഓണം നാളിൽ കേരളത്തിലെ പ്രബുദ്ധരായ ജങ്ങളോടൊപ്പം എനിക്ക് കഥാപ്രസംഗം അവതരിപ്പിക്കാൻ കഴിഞ്ഞത്. 10 ,000 വേദികൾ പിന്നിട്ട എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്ന് പറയുന്നത് ഓണം നാളുകളാണ്. ആ ഓണം നാളുകളിൽ ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാവര്ക്കും മൂന്നു ഓണമാണ് പ്രധാനമായിട്ടുള്ളത്. എന്നെ സംബന്ധിച്ച് ഒരാഴ്ചവരെ നീണ്ടുനിൽക്കുന്ന ഓണക്കാലമാണ് അതുകൊണ്ട് ഓണക്കാലം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള കാലമാണ്.
ഓണനാളിലെ മറക്കാൻ കഴിയാത്ത അനുഭവം
ഓണക്കാലത്ത് മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ഇപ്പോഴും വേദനയുണർത്തുന്ന ഒരു സംഭവം എന്ന് പറയുന്നത്. ഒരോണക്കാലത്ത് കഥാപ്രസംഗത്തിനുവേണ്ടി ചെന്നപ്പോൾ അവിടെ പരിപാടി നടത്തിയിരുന്നത് ഇടതുപക്ഷ ചിന്താഗതികരായ ചെറുപ്പക്കാരെല്ലാവരും കൂടിയായിരുന്നു. പക്ഷേ, ആ പരിപാടി മുടക്കുന്നതിനുവേണ്ടി ഒരുപറ്റം വർഗീയ വാദികൾ അതിനെ അങ്ങേയറ്റം എതിർക്കുകയും പരിപാടി തച്ചുടക്കാൻ ശ്രമിക്കുകയും അതിന്റെ പേരിൽ വളരെ ശതമായ അടിയും വഴക്കും കത്തികുത്തുമുണ്ടായി. ആ പ്രദേശത്ത് വച്ച് ഒരു ചെറുപ്പക്കാരന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടുപോയ ആ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. കഥാപ്രസംഗം എനിക്കന്നവതരിപ്പിക്കാനും കഴിഞ്ഞില്ല. ജീവിതത്തിൽ ഞാനിന്നും വേദനയോടെ ഓർക്കുന്ന ഒരു സംഭവമാണ്. ഇപ്പോൾ അതിനെയൊക്കെ അപേക്ഷിച്ച നിക്കുമ്പോൾ ഒരുപാടുമാറ്റം വന്നിരിക്കുന്നു. 'ഓണം നാളുകളിൽ മാവേലി നാട് വാണീടും കാലം മനുഷ്യരെല്ലാവരും ഒന്നുപോലെ' എന്ന പാടുന്നത് പോലെ, ഓണത്തിന് എല്ലാ രാഷ്‌ടീയക്കാരും അവരിൽ പലരും ഇപ്പോഴും വളരെ സന്തോഷത്തോടെ തന്നെയാണ് ആ നാളുകളിൽ ഒരുമിച്ച് കലാ പ്രവർത്തനം നടത്തുന്നത്. അതൊരു നഗ്നസത്യമാണെന്നും അദ്ദേഹം പറഞ്ഞു.