P VIEW [ Public View ]01/09/2017

പവിത്രന്റെ അവസാന ചിത്രം 'കുട്ടപ്പൻ സാക്ഷി' മുഖ്യനടന്റെ ഓണം ഓർമ്മകൾ

ayyo news service
ഡോ ജി ബാലചന്ദ്രൻ
ബഹുമതികൾ വാരിക്കൂട്ടിയ 'ഉപ്പ്'നു ശേഷം പവിത്രൻ സംവിധാനം ചെയ്ത 'കുട്ടപ്പൻ സാക്ഷി' യിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഡോ ജി  ബാലചന്ദ്രൻ. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ 'പിന്നെയും' ലൂടെ വീണ്ടും സജീവമായിരിക്കുന്നു. ടി വി ചന്ദ്രന്റെ 'മങ്കമ്മ' യിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഇപ്പോൾ അയാൾ ശശി, ആളൊരുക്കും, ഉന്മാദിയുടെ മരണം എന്നി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു. സിനിമയിലെ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡോ ജി ബാലചന്ദ്രൻ തന്റെ ഓണം ഓർമ്മകൾ പങ്കുവയ്ക്കുന്നു. 

ഇപ്പോൾ തലസ്ഥാനവാസിയാണെങ്കിലും ഞാന്‍ തിരുവല്ലയിലെ നെടുമ്പ്രം എന്ന ഗ്രാമത്തിലാണ് ജനിച്ചു വളർന്നത്. എന്റെ ഓണം സ്മരണകളിൽ സിനിമയും കൂട്ടിപ്പിണഞ്ഞുകിടക്കുന്നു.  കാരണം അന്നവിടെ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത വടക്കൻ പാട്ടുകളും മെരിലാന്റിന്റെ പുരാണ ചിത്രങ്ങളും ഒരു ആവേശമായിരുന്നു. ഇവ റിലീസ് ചെയ്യുന്നത് മിക്കവാറും ഓണക്കാലത്താകും.  അവ കാണുക എന്നത് ജൂൺ മാസത്തിലെ തയ്യാറാക്കുന്ന ഓണം അവധിയിലെ പരിപാടികളിൽ ഉൾപ്പെടുത്തും.  ഈ സിനിമകൾ  തിരുവല്ലയിൽ നിന്ന് ചങ്ങനാശ്ശേരിയിലും കോട്ടയത്തും പോയി കണ്ടിരിക്കും. റിലീസ് പടങ്ങൾ അവിടെയാണന്ന് കാണിച്ചിരുന്നത്. 

ഞങ്ങളുടെ വീട്ടിലെ ഓണം തുടങ്ങുന്നത് പൂരാടത്തിനാണ്. കാരണം എന്റെ അമ്മാവന്റെ (ജി കുമാരപിള്ള) പിറന്നാൾ അന്നാണ്. അമ്മാവന്റെയും അപ്പൂപ്പന്റെയും അമ്മുമ്മയുടെയും പിറന്നാളിനും, വിജയ ദശമി,വിഷു എന്നീ വിശേഷ ദിവസങ്ങളിലും അപ്പുപ്പന്റെയും അമ്മുമ്മയുടെയും അടുത്ത് അമ്മാവൻ ഊണ് കഴിക്കാൻ വരണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഒരു കുടുംബസംഗമം തന്നെ ഓണത്തിന് വീട്ടിലുണ്ടാകും.  ഞങ്ങൾ കുട്ടികളുടെ കളികളും ഉണ്ടാകും. തിരുവോണത്തിന്റെ അന്ന് വൈകുന്നേരം അച്ഛനും അമ്മയും ഞാനും അനിയനും അനുജത്തിയും കൂടെ ഒന്നരകിലോമീറ്റര്‍ അകലെയുള്ള അച്ഛന്റെ വീട്ടിലേക്ക് പോകും. 
പുതിയ ചിത്രത്തിലെ കഥാപാത്രമായി ഡോ. ജി. ബാലചന്ദ്രൻ 
ഓണം വരുമ്പോള്‍ എത്ര ഓണക്കോടി കിട്ടുമെന്ന് ഞങ്ങള്‍ കണക്കാക്കിയിരുന്നു. പുതുവസ്ത്രങ്ങൾ കിട്ടിയിരുന്നത് അന്ന് ഓണത്തിനും മധ്യവേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുമ്പോഴുമായിരുന്നു. എത്ര ഓണക്കോടി കിട്ടി എന്ന് നോക്കുന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു കാര്യം. ഞങ്ങളുടെ വീടിനടുത്താണ് നീരേറ്റുപുറം വള്ളംകളി നടക്കുന്നത്. അതിപ്പോഴും ഉണ്ട്. അത് കാണാന്‍ ഒന്ന് രണ്ട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും അതിനോട് എനിക്ക് വലിയ താത്പര്യം തോന്നിയിട്ടില്ല. പതിനഞ്ചു വയസ്സുവരെ ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. ഡിഗ്രി കഴി യുന്നതുവരെ ഏറെക്കുറെയും.  

സാധാരണ നടന്മാര്‍ ഓണത്തിന് ഞാന്‍ ഇന്ന സംവിധായകന്റെ സെറ്റിലാണെന്നാകും പറയുക. എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല. എല്ലാ ചിങ്ങം ഒന്നിനും ധാരാളം പടങ്ങളുടെ പൂജ നടക്കും. അപ്പോൾ വിചാരിക്കും ഞാന്‍ അഭിനയിച്ച പടത്തിന്റെ പൂജ ഇതുവരെ നടന്നിട്ടില്ലല്ലോ എന്ന്.  പണ്ട് അടൂര്‍ഭാസി 'ഭാഗ്യം വരുന്ന വഴി പാവം പയ്യൻ അറിഞ്ഞില്ല' എന്ന് ഒരു പടത്തിൽ പറഞ്ഞതുപോലെ ഭാഗ്യം ഏതു വഴിയില്‍ വേണമെങ്കിലും വരാം എന്നുള്ളതുകൊണ്ട് ഞാന്‍ ശുഭാബ്ദി വിശ്വാസത്തോടെ കാത്തിരിക്കുന്നു. 

ഡോ. ജി. ബാലചന്ദ്രൻ - മൊബൈൽ:  9847404112.

Views: 2243
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024