കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് സൂര്യകുടുംബത്തിലെ ഒരു ഗോളം രൂപാന്തരപ്പെട്ട് സര്‍വ്വജീവനും വാസയോഗ്യമായിതീര്‍ന്നതാണല്ലോ നമ്മുടെ ഭൂമി. ഭൂമിയിലെ സകല ചരാചരങ്ങളും അധിവസിക്കുന്നതിനാല്‍ മനുഷ്യര്‍ക്കുമാത്രം അവകാശപ്പെട്ടവയല്ലെന്ന് ഓര്‍ക്കുക. വൃക്ഷ-ലതാധികളും, പക്ഷി മൃഗാധികളും, മനുഷ്യനും മറ്റെല്ലാ ജീവികള്‍ക്കും ഭൂമിയെ ആവശ്യമാണ്. അതിനാല്‍ അതിനെ നിലനിര്‍ത്തുകയും ജീവന് ഭീഷണിയുണ്ടാക്കുംവിധം നശിപ്പിക്കുന്ന തരത്തിലുള്ള ഏതൊന്നും ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ മനുഷ്യര്‍ മാത്രമാണ്. മനുഷ്യന്‍ സ്വയമ ബോധവാന്‍മാരാകണം. ഭൂമിയുടെ പരിസ്ഥിതിയെക്കുറിച്ചാണ് ആദ്യം ജനങ്ങളില്‍ അവബോധം ഉണ്ടാകേണ്ടത് അല്ലെങ്കില്‍ ഉണ്ടാക്കേണ്ടത്. അതിനുവേണ്ടിയാണ് ഭൗമ ദിനം ആചരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ സൂര്യന്‍ ഭൂമധ്യരേഖക്ക് മുകളില്‍വരുന്ന ദിവസത്തെ സമരാത്രദിനം എന്നാണ് വിളിക്കുന്നത്. ഐക്യരാഷ്ട്രസഭ ഈ ദിവസത്തെയാണ് ഭൗമദിനമായി കണക്കാക്കുക എങ്കിലും അന്താരാഷ്ട്രതലത്തില്‍ ഏപ്രില്‍ 22 ആണ് ഭൗമ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
പരിസ്ഥിതിപ്രശ്‌നമാണ് ഭൂമിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഏറ്റവും വലിയ ഘടകം. 1969-ല്‍ പാരിസ്ഥിതികപ്രശ്‌നം ചൂണ്ടിക്കാട്ടിക്കൊണ്ട് തുടക്കം കുറിച്ച ലോകസമ്മേളനത്തിന്റെ ഒന്നാം വാര്‍ഷികമായ 1970 ഏപ്രില്‍ 22-നാണ് ഭൗമദിനാചരണ ത്തിന് ആരംഭം കുറിച്ചത്. അതിനുശേഷം നിരവധി മാറ്റങ്ങള്‍ക്ക് ഭൗമ ദിനാചരണം ഇടയാക്കി. പ്രത്യേകിച്ച് പൗരന്‍മാരുടെ മനസ്സുകളില്‍ ഭൂമിയെ സംരക്ഷിക്കണമെന്ന ചിന്ത വളരുവാന്‍ സഹായിച്ചു. ശുദ്ധജലം, ശുദ്ധവായു ഇവയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോദ്ധ്യമായി തുടങ്ങി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുവര്‍ഗ്ഗത്തിനും സസ്യജാലങ്ങള്‍ക്കും സംരക്ഷണത്തിനായി നിയമനിര്‍മ്മാണം ഉണ്ടായി. ജലം മലിനമാക്കുന്നതും അന്തരീക്ഷവായു ദുഷിപ്പിക്കുന്നതും നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമായി.
ഇന്ന് ആഗോള പ്രശ്‌നമായി കാണുന്നത് മാലിന്യങ്ങളാണ്. ഇത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ജനസംഖ്യ കൂടുന്നതാണ് ഇതിന് പ്രധാന കാരണം. വരുംതലമുറയ്ക്ക് മാലിന്യപ്രശ്‌നം കടുത്ത വെല്ലുവിളിയാകാതിരിക്കാന്‍ ഭൗമ ദിനാചരണങ്ങളില്‍ ഓരോ മനുഷ്യനും കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഖരമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌ക്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതാണ്. ചപ്പുചവറുകള്‍ പ്രയോജനമുള്ള വസ്തുക്കളായി റീസൈക്കിള്‍ ചെയ്‌തെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിനായി ആലോചിക്കാവുന്നതാണ്. കീടനാശിനിപ്രയോഗം ബോധപരമായിതന്നെ നിര്‍ത്തുക. വനനശീകരണത്തിനും, വന്യജീവി സ്വൈരവിഹാരത്തിനും മനുഷ്യര്‍ മുഖേന ഇടയാക്കരുത് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രമുഖസ്ഥാനം നല്‍കിക്കൊണ്ട് ഭൗമദിനാചരണങ്ങള്‍ സംഘടിപ്പിക്കുക. അതോടൊപ്പം ഈ ദിനത്തില്‍ മരങ്ങള്‍വച്ചുപിടിപ്പിക്കുക, പരിസ്ഥിതി ബോധ വല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കുക, മാലിന്യനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ലോകത്ത് ഈ ദിനാചരണം നടക്കുന്നതോടൊപ്പം ഭാരതത്തിലും കക്ഷിരാഷ്ട്രീയം മറന്ന് ഭൗമ ദിനാചരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ നാം ശ്രമിക്കുകയാണെങ്കില്‍, ജൈവവൈവിധ്യ സമ്പുഷ്ടമായ നമ്മുടെ ഭൂമിയെ സംരക്ഷിക്കപ്പെടേണ്ട ബാധ്യത ഓരോ വ്യക്തിയിലും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രപഞ്ചത്തില്‍ നാം വസിക്കുന്ന ഭൂമിയുടെ സവിശേഷതസ്ഥാനത്തെ കുറിച്ച് ഏപ്രില്‍ 22-ന് ഓര്‍മിക്കാന്‍ കഴിയുക.