ഇ എം എസും പേരക്കുട്ടികളും. ഫോട്ടോ: ബി ജയചന്ദ്രൻ ഇക്കഴിഞ്ഞ അഞ്ച് ആറ് തീയതികളിൽ കനകക്കുന്ന് കൊട്ടാരത്തിൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ (ഇഎംഎസ്) ഫോട്ടോ പ്രദർശനം നടക്കുകയുണ്ടായി. മലയാള മനോരമ പിക്‌ചർ എഡിറ്റർ ബി ജയചന്ദ്രൻ പകർത്തിയ നൂറോളം ഇഎംഎസ് ഫോട്ടോകളാണ് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാം ഇഎംഎസ് അനുസ്മരണപ്രഭാഷണത്തിന്റെ ഭാഗമായി പ്രദര്ശിപ്പിച്ചിരുന്നത്. ധനകാര്യമന്ത്രി ഡോ.ടിഎം തോമസ് ഐസക്കാണ് ഫോട്ടോ പ്രദർശനം അഞ്ചിന് ഉദ്ഘാടനം ചെയ്തത്. പ്രഭാഷണവും, മാധ്യമ ശില്പശാലയും, മാസിക പ്രകാശനവും ഉൾപ്പെടെ രണ്ടു ദിവസങ്ങളിലായി നടന്ന പ്രദർശന വേദിയിലെ ഇ എം എസ് ചിത്രങ്ങൾ കണ്ടത് രാഷ്ട്രീയ-മാധ്യമ-സാമുഹ്യ രംഗത്തെ നിരവധി പ്രമുഖരാണ്. ഒപ്പം ഇ എം എസിന്റെ അനവധി ആരാധകരും.
കറുപ്പിലും വെളുപ്പിലും, നിറങ്ങളിലുമുള്ള നിശ്ചലചിത്രങ്ങൾ പ്രഥമ കേരള മുഖ്യമന്ത്രിയായിരുന്ന ഇഎം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജീവിതത്തിന്റെ അപൂർവ മുഹൂർത്തങ്ങളാണ് കാഴ്ചക്കാർക്ക് പകർന്നു നൽകിയത്. ഭാഷാസ്നേഹി, മാധ്യമപ്രവർത്തകൻ, ഗ്രന്ഥകാരൻ, രാഷ്ട്രീയക്കാരൻ, മുഖ്യമന്ത്രി, കുടുംബസ്‌നേഹി എന്നി നിലകളിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഔന്നിധ്യം കാത്തുസൂക്ഷിച്ച ഇഎംഎസിന്റെ വ്യക്തിജീവിതം പകർന്നു നല്കുന്നവയായിരുന്നു ആ ചിത്രങ്ങളെല്ലാം. 1987 ലെടുത്ത ഇഎംഎസിന്റെ മുഖമുദ്രയായ ചിരിക്കുന്ന കറുപ്പും വെളുപ്പുമായ ഫോട്ടോ വരവേൽക്കുന്ന പ്രദർശനം, അവസാനിക്കുന്നത് 1996 ൽ മനോരമ 'വ്യക്തിയും കാലവും' എന്ന പേരിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിയ ഇതേ ഫോട്ടോ പ്രദർശനം കാണുന്ന ഇ എം എസിന്റെ വർണ ഫോട്ടോയിലൂടെയാണ്.
ഇഎംഎസ് സുസ്മേരവദനനായി പ്രദർശനത്തിലേക്ക് വരവേൽക്കുന്നുണ്ടെങ്കിലും ഫോട്ടോയുടെ തലയെഴുത്ത് വായിക്കുമ്പോൾ കാഴ്ചക്കാരന്റെ മുഖമൊന്നു മ്ലാനമാകും. അതിലെ അക്ഷരത്തെറ്റാണ് കാരണം. പേപ്പറിൽ മലയാളത്തിലും താഴെ ഇംഗ്ളീഷിലും പ്രിന്റ്ചെയ്ത തലയെഴുത്തിലെ തെറ്റുകൾ പേനകൊണ്ട് തിരുത്തിയിരുന്നു. ഇത് തുടർന്നും ചില ഫോട്ടോകളിൽ ആവർത്തിച്ചു കണ്ടത് പ്രദർശനത്തിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിച്ചതായാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ചും മാധ്യമ അക്കാദമിയും, മാധ്യമ സ്ഥാപനവും, മാധ്യമ ക്ലബ്ബും കൈകോർത്ത പരിപാടിയിൽ ഈ അക്ഷരത്തെറ്റുകൾ ഒഴിവാക്കുകയും ഒപ്പം സീനിയർ ഫോട്ടോജേര്ണലിസ്റ്റിനോട് നീതിപുലർത്തുകയും ചെയ്യേണ്ടതായിരുന്നു.
ഫോട്ടോ: ബി ജയചന്ദ്രൻ