P VIEW [ Public View ]20/03/2018

മനുഷ്യാവകാശങ്ങള്‍ ആര്‍ക്കുവേണ്ടി?

അഡ്വ.പൂഴിക്കുന്ന് സുദേവന്‍
ലോകത്ത് എല്ലാ ജീവനും ജന്‍മനാല്‍ ഉള്ളവയാണ് അവകാശങ്ങള്‍. അവകാശ ങ്ങള്‍ ആരും സൃഷ്ടിക്കപ്പെടാവുന്നതോ, നിയമത്താല്‍ നിയന്ത്രിക്കപ്പെടാവുന്നവയോ അല്ല. അവകാശങ്ങള്‍ സമൂഹസൃഷ്ടിയാണ്. അതിന് ഒരു വ്യക്തിക്കോ, രാഷ്ട്രത്തിനോ പ്രത്യേക പങ്കുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ അവകാശങ്ങളെന്ന ആശയം വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്നതാണെന്ന് വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ ഏറ്റവും ശ്രേഷ്ഠമായ കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിനു വേണ്ടി യുള്ള സാമൂഹിക അവസ്ഥയാണ് അവകാശങ്ങള്‍. 
ഭൂമിയില്‍ ജനിച്ചുവീഴുന്ന ഏതൊരു ജീവനും അവകാശങ്ങള്‍ ഉണ്ട്. അത് ആരുടെയും ഔദാര്യവുമല്ല. സര്‍വ്വജീവജാലങ്ങള്‍ക്കും അവരുടേതായ ജീവിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനോ എതിര്‍ക്കാനോ പാടില്ലെന്നതാണ്. പക്ഷേ, ഇന്ന് 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന ചൊല്ല് യാഥാര്‍ത്ഥ്യമായി മാറുന്നുവോ എന്ന് സംശയിക്കുന്നു. ജീവനുള്ള ആരുടേയും അവകാശങ്ങള്‍ ധ്വംസിക്കുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതായി കാണുന്നത്. ഒരു ജീവന്‍ മറ്റൊരു ജീവനെ അപഹരിക്കുന്ന അവസ്ഥ എല്ലാ ജീവജാലങ്ങളുടെയിടയിലും കാണാം. ഇത് തിരിച്ചറിവുള്ള മനുഷ്യരുടെ ഇടയിലാണ് കൂടുതലായി കണ്ടുവരുന്നത്.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതും, ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതും, ഒരുത്തന്‍ മറ്റൊരുത്തനെ വകവരുത്തുന്നതും ലോകത്ത് എവിടെയും നടമാടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അതാണ് മനുഷ്യാവകാശ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ അതാതു രാഷ്ട്രങ്ങള്‍ നിര്‍ബന്ധിത മാകേണ്ടിവന്നതെന്നു പറയാം. അങ്ങനെയുണ്ടായിട്ടുള്ള ശക്തമായ നിയമങ്ങള്‍ക്ക് നിര്‍വ്വഹണകാര്യത്തില്‍ പലപോരായ്മകളും ഉദാസീന മനോഭാവങ്ങളും കൊണ്ട് മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ നിയന്ത്രണവിധേയമായി കാണുന്നില്ല.
സമൂഹവും രാഷ്ട്രവും രൂപീകൃതമാകുന്നതിന് മുന്‍പേതന്നെ മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിരുന്നല്ലോ, അന്നുമുതല്‍ അവന് സ്വാതന്ത്ര്യം, സുരക്ഷ, ആഹാരം തുടങ്ങിയവ നേടിയെടുക്കുന്നതിനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടായിരുന്ന കാര്യം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഇന്ന് ലോകത്ത് ഒട്ടുമുക്കാല്‍ രാജ്യങ്ങളും ജനാധിപത്യ ഭരണ സംവിധാനങ്ങളോടുകൂടിയ ഭരണത്തിലാണ് പ്രവര്‍ത്തി ക്കുന്നത.് പ്രത്യേകിച്ചും 1948-ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനവും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന വിവിധഘട്ടങ്ങളിലെ മനുഷ്യാവ കാശ സമ്മേളനങ്ങളും നിയമങ്ങളുമെല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അവകാശ ങ്ങള്‍ക്കും ശക്തിപകരുന്നവയാണെങ്കിലും ഇന്നും മനുഷ്യസമൂഹത്തില്‍ വിവേചന ങ്ങളും സ്ത്രീപുരുഷസമത്വമില്ലായ്മയും അവകാശ ധ്വംസനങ്ങളുമാണ് നടമാടി വരുന്നതാണെന്ന വസ്തുത നിലനില്‍ക്കുകയുമാണ്.
ഇന്ത്യാമഹാരാജ്യത്തെപോലെ ലോകത്തിലേറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്നിടത്തുപോലും മനുഷ്യന് സമാധാനവും സ്വാതന്ത്ര്യവും സമത്വവും ഇന്നും അതിവിദൂരതയില്‍തന്നെയാണ്.
സ്ത്രീപുരുഷ സമത്വവും ചൂഷണരഹിതവുമായ ഒരു സമൂഹം വെറും സ്വപ്നം മാത്രമാകാതിരിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടി യിരിക്കുന്നു.
1950 ജനുവരി 26-ന് നിലവില്‍വന്ന അതിബൃഹൃത്തായ ഇന്ത്യന്‍ഭരണഘടന വിഭാവന ചെയ്യുന്നതില്‍ മനുഷ്യന്റെ മൗലികാവകാശങ്ങള്‍ക്കാണ് പ്രത്യേക പരിഗണന നല്‍കിയിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തില്‍ പൗരന്‍മാര്‍ക്ക് നീതിയും, സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും പ്രദാനംചെയ്തുകൊണ്ടാണ് തുടങ്ങിയിരി ക്കുന്നത്.

മൗലികാവകാശങ്ങള്‍ ഭരണഘടനയുടെ മൂന്നാംഭാഗത്ത് ആര്‍ട്ടിക്കിള്‍ 12 മുതല്‍ 35 വരെ പ്രത്യേകം ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു.
മൗലികാവകാശങ്ങള്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ പൗരന് ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീംകോടതിയിലോ, ആര്‍ട്ടിക്കിള്‍ 226 പ്രകാരം സംസ്ഥാന ഹൈക്കോടതി യിലോ നേരിട്ട് പരിഹാരമാര്‍ഗ്ഗത്തിന് പോകുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തി യിട്ടുണ്ട്.
പോരെങ്കില്‍ മനുഷ്യാവകാശ നിയമങ്ങളും, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എന്നീ സ്ഥാപനങ്ങളും മനുഷ്യരുടെ അവകാശ ധ്വംസനങ്ങള്‍ക്ക് പരിഹാരം നേടുന്നതിനായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇതില്‍നിന്നുമെല്ലാം നാം മനസ്സിലാക്കേണ്ട ഒരുകാര്യം മനുഷ്യരായ എല്ലാപേര്‍ക്കും മനുഷ്യാവകാശങ്ങള്‍ എപ്പോഴെങ്കിലും ലംഘിക്കപ്പെട്ടാല്‍ നിയമപരമായ പരിഹാര ത്തിന് ഏതൊരു തടസ്സവും ഉണ്ടാകില്ലന്നാണ്. എന്നാല്‍ ഈ നിയമപരിഹാരത്തിന് അവസരമുണ്ടെങ്കിലും ഒരു വ്യക്തിക്ക് മനുഷ്യാവകാശം നിഷേധിക്കപ്പെടുകയോ അവന്റെ അല്ലെങ്കില്‍ അവളുടെ സ്വാതന്ത്ര്യത്തിനോ, നീതിക്ക് സംരക്ഷണമോ ലഭിക്കാത്ത നിരവധി സംഭവങ്ങളാണ് നടന്നുവരുന്നത്.

മാനസികവും ശാരീരികവുമായ പീഢനങ്ങളും ചൂഷണങ്ങളും ഭൂരിപക്ഷ വ്യക്തികളും ഇന്ന് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മനുഷ്യരായ സ്ത്രീകളാണ്. ബലാത്സംഗത്തിനും, ഗാര്‍ഹിക പീഡനത്തിനും ഏറ്റവും കൂടുതല്‍ വിധേയരാകുന്നതും സ്ത്രീകളാണല്ലോ. പിഞ്ചു കുഞ്ഞുങ്ങള്‍വരെ പീഢനങ്ങള്‍ക്ക് വിധേയരാവുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന നിരവധി അനുഭവങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുക എന്നത് ജനാധിപത്യ ഇന്ത്യയിലും കേരളം പോലുള്ള സാക്ഷരത നിറഞ്ഞ സംസ്ഥാനത്തിനും നിയമപരമായി മാത്രമല്ല സാംസ്‌കാരികമായും ലജ്ജാവഹംതന്നെയാണ്. ഇതുകൂടാതെ തൊഴില്‍തട്ടിപ്പുകളുടെയും, ആരോഗ്യത്തെ ചൂഷണംചെയ്യുന്ന മരുന്നുകളുടെയും ചികിത്സകളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകളും, വിദ്യാഭ്യാസ മേഖലയിലെ ചൂഷണവുമെല്ലാം മനുഷ്യാവകാശ ങ്ങളുടെ മേലുള്ള ക്രൂരമായ കടന്നുകയറ്റംതന്നെയാണ്. ഇതിനൊക്കെ നിലവിലുള്ള നിയമസംവിധാനത്തിന്റെ അപര്യാപ്തതയും ഭരണാധികാരികളുടെ ഉത്തരവാദിത്വ മില്ലായ്മയും അതോടൊപ്പം എല്ലാമേഖലയിലെയും പുരുഷാധിപത്യവും, സ്വാര്‍ത്ഥന്‍ മാരുടേയും സങ്കുചിത താല്പര്യക്കാരുടെയും നിര്‍ഭയത്തോടുകൂടിയ പ്രവര്‍ത്തന സാഹചര്യവും തന്നെയാണെന്ന് പറയുന്ന തില്‍ യാതൊരു തെറ്റും ഇല്ല.
മൗലികാവകാശങ്ങള്‍ക്ക് എത്രതന്നെ നിയന്ത്രണം ഏര്‍പ്പെടുത്താമോ അത്രയും നന്നായിരിക്കും. മനഃപൂര്‍വ്വം മനുഷ്യനെ ചൂഷണം ചെയ്യുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നവരെയും പൂര്‍ണ്ണമായും നിയന്ത്രിക്കുകയും കടുത്ത ശിക്ഷകള്‍ക്ക് മുഖംനോക്കാതെ നടപടി സ്വീകരിക്കാവുന്ന നിയമഭേദഗതികളും, അവ നടപ്പിലാക്കാന്‍ ഉത്തരവാദിത്വമുള്ള അധികാരികളുംകൂടി ഉണ്ടായാല്‍ ഇന്നത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരുടെഭാഗത്തുനിന്നുണ്ടായാലും പരമാവധി നിയന്ത്രണവിധേയമാകുവാന്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മാത്രമേ മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്കായി സംരക്ഷിക്കപ്പെടുകയുള്ളു.

Views: 1710
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024