തിരുവനന്തപുരം : മീഡിയ സിറ്റിയുടെ ഒമ്പതാമത് സിനിമ, ടെലിവിഷന്‍, മാധ്യമ പുരസ്കാര വിതരണവും ചലച്ചിത്ര നടന്‍ നെടുമുടി വേണു അനുസ്മരണവും ഡിസംബര്‍ 21 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളിൽ (വി.ജെ.ടി. ഹാൾ )നടക്കും.
പന്ത്രണ്ട് ഭാഷകളില്‍ പതിമൂന്ന് വേഷങ്ങളില്‍ വിതുര സുധാകരന്‍ അവതരിപ്പിച്ച് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഏകത നാടക അവതരണം, ശിവമുരളിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ, ഗാനവിരുന്ന്, ഷോർട്ട് ഫിലിം പ്രദർശനം, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള പുരസ്കാര വിതരണം എന്നിവ രാവിലെ 9 മണിമുതൽ നടക്കും.
മീഡിയ സിറ്റി ചെയര്‍മാന്‍ വി. സുരേന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിർവഹിക്കും. മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ ചലച്ചിത്ര സംവിധായകരായ ടി .എസ്. സുരേഷ് ബാബു, തുളസിദാസ്, നിര്‍മാതാവ് കല്ലിയൂര്‍ ശശി, ക്യാമറാമാന്‍ അനില്‍ ഗോപിനാഥ് എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കും .കോവിഡ് കാലഘട്ടത്ത് ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെയും ആദരിക്കും.